സാഹിബിന്റെ 'അല്‍ അമീന്‍' വീണ്ടും പ്രസിദ്ധീകരിക്കുന്നു


മലപ്പുറം: സ്വാതന്ത്യ്രസമര ചരിത്രത്തിലെ വീരേതിഹാസമായിരുന്ന മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അല്‍അമീന്‍ കോഴിക്കോട്ടുനിന്നു രാഷ്ട്രീയ മാസികയായി വീണ്ടും പ്രസിദ്ധീകരിക്കുന്നു. സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ്‌ മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ സാഹിബ്‌ ദേശീയപ്രസ്ഥാനത്തിന്റെ ശക്തമായ ശബ്ദമായി 1924 ഒക്ടോബര്‍ 12ന്‌ അല്‍ അമീന്‍ ആദ്യലക്കവുമായി രംഗത്തെത്തിയത്‌. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്‌. ബ്രിട്ടീഷ്‌ ഭരണകൂടം ആവിഷ്കരിച്ച ആന്തമാന്‍ പദ്ധതിയെ ശക്തമായി എതിര്‍ത്തുകൊണ്ടായിരുന്നു ആദ്യദിവസം തന്നെ മുഖപ്രസംഗം. സര്‍ക്കാരിന്റെയും മുസ്ലിംസമൂഹത്തിലെ വരേണ്യവിഭാഗത്തിന്റെയും കടുത്ത എതിര്‍പ്പുകള്‍ അതിജീവിച്ചാണ്‌ അല്‍അമീന്‍ മുന്നോട്ടു പോയത്‌.

സര്‍ക്കാര്‍ പരസ്യങ്ങള്‍ അല്‍അമീന്‌ നല്‍കുന്നത്‌ ഭരണകൂടം വിലക്കി. കടുത്ത പിഴ ചുമത്തി പ്രസിദ്ധീകരണം താല്‍ക്കാലികമായി തടഞ്ഞു. കടം നല്‍കിയവരെക്കൊണ്ട്‌ കേസ്‌ കൊടുപ്പിച്ച്‌ ശത്രുക്കള്‍ നിരന്തരം പീഡിപ്പിക്കുകയും ചെയ്തു. സമുദായപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം മുതലേ ഈ പത്രം ശക്തമായ പിന്തുണയാണു നല്‍കിയിരുന്നത്‌. രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യക്കാര്‍ ബ്രിട്ടന്റെ സംരംഭങ്ങളുമായി സഹകരിക്കരുതെന്നു മുഖപ്രസംഗം എഴുതിയതിനെ തുടര്‍ന്ന്‌ 1939 സപ്തംബര്‍ 29ന്‌ അല്‍അമീന്‍ വിദേശ സര്‍ക്കാര്‍ നിരോധിച്ചു.

കോഴിക്കോട്ടെ പാളയം റോഡിലായിരുന്നു അല്‍അമീന്റെ ഓഫിസ്‌. മാനേജിങ്ങ്‌ എഡിറ്റര്‍ മുഹമ്മദ്‌ അബ്ദുര്‍റഹ്മാന്‍ സാഹിബായിരുന്നു. ചീഫ്‌ സബ്‌ എഡിറ്റര്‍ ഇ മൊയ്തുമൌലവിയും. 1945ല്‍ സാഹിബ്‌ മരിച്ചതോടെ ചീഫ്‌ സബ്‌ എഡിറ്ററായിരുന്ന ഇ മൊയ്തു മൌലവിയും പിന്നീട്‌ മകന്‍ സുബൈറും പത്രം ഏറ്റെടുത്ത്‌ പ്രസിദ്ധീകരിച്ചു. മലപ്പുറത്ത്‌ നിന്നുള്ള സുബൈറിന്റെ ഒരുപറ്റം സുഹൃത്തുക്കള്‍ ചേര്‍ന്നാണ്‌ കോഴിക്കോട്‌ കേന്ദ്രമാക്കി അല്‍അമീന്‍ രാഷ്ട്രീയ മാസിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്‌. പ്രശസ്ത കോളമിസ്റ്റ്‌ എം റഷീദാണ്‌ മാസികയുടെ മുഖ്യ പത്രാധിപര്‍. മലപ്പുറം പ്രസ്‌ ക്ലബ്ബില്‍ ഇന്ന്‌ രാവിലെ 11നാണ്‌ അല്‍അമീന്‍ പ്രകാശനം

News @ Thejas
25.03.2013

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal