"അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തില്
ഒത്തുചേര്‍ന്ന് വെള്ളയോടെതിര്‍ത്തു നല്ല മട്ടില്
ഏറനാടിന്‍ ധീരമക്കള്‍ ചോരചിന്തിയ നാടിതില്‍
ചീറിടും പീരങ്കികള്‍ക്ക് മാറു കാട്ടിയ നാടിതില്‍ .........."
മൂവന്തി നേരത്ത് നാട്ടുവഴികളിലൂടെ ചൂട്ടുകത്തിച്ചു നടന്നിരുന്ന പഴയ ഏറനാടന്‍ മാപ്പിളമാര്‍ ഒരുകാലത്ത് ഈണത്തില്‍ ചൊല്ലിയിരുന്ന പാട്ട്. സ്വാതന്ത്യ്രബോധത്തെ ഉദ്ദീപിപ്പിക്കുകയും ബ്രിട്ടിഷുകാരോടുള്ള ഈര്‍ഷ്യം ആളിക്കത്തിക്കുകയും ചെയ്തിരുന്ന വരികള്‍. ഇത് നാട്ടില്‍ പ്രചരിച്ചതോടെ പാടുന്നതുപോലും നിരോധിച്ചുകൊണ്ട് ബ്രിട്ടിഷ്സര്‍ക്കാരിന് ഉത്തരവിറക്കേണ്ടി വന്നു. കമ്പളത്ത് ഗോവിന്ദന്‍ നായരെന്ന കവിയുടെ വരികള്‍ മലബാറില്‍ വിപ്ലവത്തിന്റെ തീപ്പന്തമായപ്പോള്‍ നിറതോക്കുകളുമായി നില്‍ക്കുന്ന പട്ടാളത്തോട് ഏറ്റുമുട്ടാന്‍ പാട്ടുമാത്രം ആയുധമാക്കി ഒരു സംഘം പോരിനിറങ്ങിയെന്നത് ചരിത്രത്തില്‍ മറ്റെവിടെയും കാണാനാവാത്ത സത്യം.
മഞ്ചേരിയില്‍നിന്നു കൊണേ്ടാട്ടിയിലേക്കുള്ള വഴിമധ്യേ മോങ്ങമെന്ന ചെറിയ ഗ്രാമം. ബ്രിട്ടിഷ് പട്ടാളത്തിന്റെ വാനുകള്‍ പൊടിപറത്തി പായുന്ന റോഡരികില്‍ രാപകലില്ലാതെ കാവല്‍നില്‍ക്കുന്ന തോക്കേന്തിയ കൂലിപ്പട്ടാളം. ഇന്ത്യന്‍ സ്വാതന്ത്യ്രസമരചരിത്രത്തിലെ തുല്യതയില്ലാത്ത ക്രൂരതയായ വാഗണ്‍ട്രാജഡിക്ക് നേതൃത്വം കൊടുത്ത നരാധമനായ ഹിച്ച്കോക്കിന്റെ സ്മാരകത്തിനാണ് വെള്ളക്കാരന്റെ ചോറ്റുപട്ടാളം കാവല്‍നില്‍ക്കുന്നത്. സ്വാതന്ത്യ്രസമരരക്തസാക്ഷികളെ പരിഹസിച്ചുകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന ഹിച്ച്കോക്ക് സ്മാരകം തകര്‍ക്കണമെന്ന് ഏറനാട്ടിലെ ജനങ്ങള്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. ഇതിന് ഇന്ധനം പകര്‍ന്നുകൊണ്ടാണ് കമ്പളത്തു ഗോവിന്ദന്‍ നായരുടെ കവിത 1944ല്‍ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകൃതമായത്.
ഹിച്ച്കോക്ക് സ്മാരകം തകര്‍ക്കാന്‍ പാട്ട്
1944ലെ വേനല്‍ക്കാലം. 'അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തില്...' കൊണേ്ടാട്ടിയിലെ ചായമക്കാനിയിലിരുന്ന് കെ. കെ. മൊയ്തീന്‍ ഉറക്കെപാടി. അന്നു മലബാറിലെങ്ങും പ്രശസ്തമായിക്കഴിഞ്ഞിരുന്ന ഈ പാട്ടെഴുതിയ കമ്പളത്ത് ഗോവിന്ദന്‍ നായരും അവിടെയുണ്ടായിരുന്നു. ബ്രിട്ടിഷ്‌വിരുദ്ധഗാനമെഴുതിയതിന് ആറുമാസത്തെ ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതാണ് മലബാര്‍ ടീച്ചേഴ്സ് യൂനിയന്‍ സെക്രട്ടറി കൂടിയായ ഗോവിന്ദന്‍ നായര്‍. ബ്രിട്ടിഷ്സര്‍ക്കാര്‍ നിരോധിച്ച ഈ പാട്ട് ഉറക്കെപാടി ഒരു സംഘം ചായമക്കാനിയില്‍നിന്നു ചെമ്മണ്ണു നിറഞ്ഞ നിരത്തിലേക്കിറങ്ങി.
'മഞ്ചേരി നിന്നഞ്ചാറ് മൈല് ദൂരമേ മോങ്ങത്തില്
സഞ്ചരിക്കുന്നോര്‍ക്ക് കാണാനാകുമാ നിരത്തില്
ചത്ത്പോയ ഹിച്ച്കോക്ക് സായിപ്പിന്റെ സ്മാരകം
ചാത്തനെ കുടിവെച്ച പോലെ ആ ബലാലിന്‍ സ്മാരകം'....... മോങ്ങത്തെ ഹിച്ച്കോക്ക് സ്മാരകം തകര്‍ക്കുകയാണ് പാട്ടുപാടിയുള്ള ജാഥയുടെ ലക്ഷ്യം. മൊയ്തീനും കമ്പളത്ത് ഗോവിന്ദന്‍ നായരുമാണു മുന്നില്‍. തോക്കുമായി ഏതു നേരവും വെള്ളപ്പട്ടാളം കാവല്‍നില്‍ക്കുന്ന ഹിച്ച്കോക്ക് സ്മാരകം തകര്‍ക്കാനിറങ്ങിപ്പുറപ്പെട്ടവരുടെ കൈയിലെ ഏക ആയുധമാവട്ടെ ആ പാട്ടു മാത്രവും.
പാട്ടിന്റെ വാരിക്കുന്തമുയര്‍ത്തി വള്ളുവമ്പുറം വരെ എട്ടു കിലോമീറ്ററോളം നടന്ന സംഘത്തോടൊപ്പം പലരും ചേര്‍ന്നു. ക്ഷീണമറിയാതെ, പട്ടാളത്തെയോ പോലിസിനെയോ ഒട്ടും ഭയക്കാതെ ഇരുപതോളം പേര്‍. ബ്രിട്ടിഷ്സര്‍ക്കാരിനെ വിറളിപിടിപ്പിച്ച പാട്ട് പാടിക്കൊണേ്ടയുള്ള യാത്ര. ഹിച്ച്കോക്ക് സ്മാരകം തകര്‍ക്കുക മാത്രമാണു ലക്ഷ്യം. നിരായുധരായ ആ സംഘം മോങ്ങത്ത് എത്താറായി. പക്ഷേ, വിവരം ഇ.എം.എസുള്‍പ്പെടെയുള്ള നേതാക്കളറിഞ്ഞതോടെ ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമമായി. മോങ്ങത്തെത്തിയ സംഘം ഹിച്ച്കോക്ക് സ്മാരകത്തിന്റെ ചില ഭാഗങ്ങള്‍ നശിപ്പിച്ചിരുന്നു. അപ്പോഴേക്കും പാര്‍ട്ടി നേതാക്കളെത്തി ഒരുവിധത്തില്‍ ഇവരെ പിന്തിരിപ്പിച്ചു മടക്കിയയച്ചു.
മലബാറിന്റെ വിപ്ലവകവി
മലബാറിന്റെ വിപ്ലവകവി എന്നു പോലും വിശേഷിപ്പിക്കാവുന്ന കൊണേ്ടാട്ടിയിലെ കമ്പളത്ത് ഗോവിന്ദന്‍ നായരുടെ ജീവിതം സമരവും ജയിലുമെല്ലാം നിറഞ്ഞതായിരുന്നു. 1914 ഏപ്രില്‍ 14ന് നെടിയിരുപ്പിലാണ് ജനനം. അച്ഛന്‍ തേലറമ്പത്ത് കുഞ്ഞന്‍ നായര്‍. അമ്മ കമ്പളത്ത് നാണിയമ്മ. ദേവദാര്‍ സ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ജന്‍മിത്വത്തിനും ബ്രിട്ടിഷ്‌വാഴ്ചയ്ക്കുമെതിരേ കവിതയെഴുതിയ ഗോവിന്ദന്‍ നാട്ടുപ്രമാണിമാരുടെ അപ്രീതിക്കു കാരണമായിരുന്നു. കവിതയെഴുത്ത് നിര്‍ത്തിയില്ലെങ്കില്‍ വിരല്‍ മുറിക്കുമെന്ന്
ഭീഷണിപ്പെടുത്തിയതോടൊപ്പം ഇദ്ദേഹം നടക്കുന്ന വഴിയില്‍ ചാണകവെള്ളം തളിച്ചും കൂവിവിളിച്ചുമെല്ലാമാണ് ഒതുക്കാന്‍ ശ്രമിച്ചത്.
1930ല്‍ അണ്‍ട്രൈന്‍ഡ് അധ്യാപകനായി കാപ്പില്‍ സ്കൂളില്‍ ജോലിക്കു കയറിയ ഗോവിന്ദന്‍ നായര്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനൊപ്പം ചേര്‍ന്ന് മലബാര്‍ ടീച്ചേഴ്സ് യൂനിയന് രൂപം നല്‍കി. അബ്ദുറഹിമാന്‍ സാഹിബ് പ്രസിഡന്റും കമ്പളത്ത് സെക്രട്ടറിയുമായാണ് ഏറനാട് താലൂക്ക് മലബാര്‍ ടീച്ചേഴ്സ്‌യൂനിയന്‍ നിലവില്‍വന്നത്. കൊണേ്ടാട്ടിക്കാരനായ തെരുവത്ത് രാമനോടൊപ്പം ചേര്‍ന്ന് കൊട്ടുക്കരയില്‍ വിദ്യാപോഷിണി വായനശാല സ്ഥാപിച്ചു. പിന്നീട് അധ്യാപക പരിശീലനത്തിനു പോയി മടങ്ങിവന്ന ശേഷം തെരുവത്ത് രാമന്റെ കാഹളം ദ്വൈവാരികയില്‍ ചേര്‍ന്നു പ്രവര്‍ത്തനം തുടങ്ങി. രവിവര്‍മ രാജയായിരുന്നു ഇതിന്റെ പബ്ലിഷര്‍. കയ്യൂര്‍ കരിവെള്ളൂര്‍ സമരത്തെ ആസ്പദമാക്കി 'ജന്‍മിത്വത്തിന്റെ കാലടി'യിലെന്ന കമ്പളത്ത് ഗോവിന്ദന്‍ നായരുടെ നാടകം പ്രസിദ്ധീകരിച്ചതോടെ ദ്വൈവാരിക ബ്രിട്ടിഷ്സര്‍ക്കാര്‍ കണ്ടുകെട്ടി. പ്രസ് അടച്ചുപൂട്ടി. 1941 ജൂണ്‍ നാലിന് കമ്പളത്തിനെ കോഴിക്കോട് ടൌണ്‍ എസ്.ഐ. സുകുമാരന്‍ അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ്സര്‍ക്കാരിനും ജന്‍മിത്വത്തിനുമെതിരേ എഴുതിയതിന് ക്രൂരമര്‍ദ്ദനമായിരുന്നു ശിക്ഷ. നഖം പിഴുതെടുത്തു. കൈ തല്ലിയൊടിച്ചു. പുറമെ ആറുമാസം തടവിനും കോടതി ശിക്ഷിച്ചു. മൂന്നു വര്‍ഷം സാഹിത്യരചന നടത്തരുതെന്ന കര്‍ശന നിബന്ധനയോടെയാണ് ജയിലില്‍നിന്നു മോചിപ്പിച്ചത്.
കയ്യൂര്‍സമരവും നാടകവും
1938 മുതല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴി കമ്മ്യൂണിസവും ഇ.എം.എസുമായും ബന്ധപ്പെട്ടിരുന്ന ഗോവിന്ദന്‍ നായര്‍ 1943 മാര്‍ച്ച് 29ന് കയ്യൂര്‍സമരക്കാരെ തൂക്കിലേറ്റിയപ്പോള്‍ വിലക്കുകളെല്ലാം ലംഘിച്ച് നാടകസംഘവുമായി കയ്യൂരിലെത്തി. കയ്യൂര്‍രക്തസാക്ഷികളെ കുറിച്ചെഴുതിയ നാടകം അവതരിപ്പിച്ചു. കക്കമ്പാടന്‍ ബിച്ചികോയ, പുതിയറക്കല്‍ സൈതാലിക്കുട്ടി, ചേക്കുട്ടി എന്നീ അഭിനേതാക്കള്‍ക്കും കമ്പളത്തിനുമെതിരേ കോടതി അറസ്റ്റ് വാറന്റിറക്കി. ഒളിവില്‍പോയ കമ്പളത്തിന് നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ് അഭയം നല്‍കിയത്.
1944ലാണ് 'അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തില്' എന്ന പ്രശസ്തമായ പാട്ട് കമ്പളത്ത് ഗോവിന്ദന്‍ നായര്‍ രചിക്കുന്നത്. ഇത് പ്രസിദ്ധീകരിച്ചെന്ന കാരണത്താല്‍ ദേശാഭിമാനി വാരിക സര്‍ക്കാര്‍ കണ്ടുകെട്ടി. പാട്ടിന്റെ കോപ്പി വീട്ടില്‍ സൂക്ഷിക്കുന്നതും പാടുന്നതു പോലും നിരോധിച്ചു. ഈ കാലത്ത് നെടിയിരുപ്പ് പഞ്ചായത്ത് ഓഫിസ് ജീവനക്കാരനായിരുന്നു അദ്ദേഹം. ബ്രിട്ടിഷ്സര്‍ക്കാരിനെതിരേ നിരന്തരം കവിത, നാടകം എന്നിവ രചിക്കുകയും താക്കീതുകള്‍ അവഗണിക്കുകയും ചെയ്തതിന് കമ്പളത്ത് ഗോവിന്ദന്‍ നായരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നാട് സ്വതന്ത്രമായതിനു ശേഷം അധ്യാപകസംഘടന ശക്തമാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം വീണ്ടും അധ്യാപകനായി ജോലിയില്‍ കയറി. ഇതിനിടെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ നിരോധിച്ചതോടെ നാലു വര്‍ഷം സസ്പെന്‍ഷനിലുമായി. വീണ്ടും അധ്യാപകജോലിയില്‍ പ്രവേശിച്ച അദ്ദേഹം മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് ടീച്ചേഴ്സ് യൂനിയന്‍, ഉത്തരമേഖല ഗവ. ടീച്ചേഴ്സ് യൂനിയന്‍ എന്നിവയ്ക്കു നേതൃത്വം നല്‍കി. പിന്നീട് രൂപീകൃതമായ കേരള ഗവ. പ്രൈമറി ടീച്ചേഴ്സ് യൂനിയന്റെ സംസ്ഥാന പ്രസിഡന്റായി. കെ.ജി.പി.ടി.എ. പിന്നീട് കെ.എസ്.ടി.എ. ആയപ്പോഴും അതിന്റെ നേതൃനിരയില്‍ കമ്പളത്തുണ്ടായിരുന്നു. 1969ല്‍ സര്‍വീസില്‍നിന്നു വിരമിച്ച അദ്ദേഹം മൂന്നു വര്‍ഷത്തോളം പാര്‍ട്ടി ക്ലാസുകളില്‍ സജീവമായി. അല്‍ട്ട്ഷെയ്മേഴ്സ് ബാധിച്ച് പത്തു വര്‍ഷത്തോളം കിടപ്പിലായ കമ്പളത്ത് ഗോവിന്ദന്‍ നായര്‍ 1983 ഏപ്രില്‍ 30തിന് അന്തരിച്ചു.
തകര്‍ന്നു വീണ ഹിച്ച്കോക്ക് സ്മാരകം
ഹിച്ച്കോക്ക് സ്മാരകം തകര്‍ക്കാനുള്ള കമ്പളത്തിന്റെയും കൂട്ടരുടെയും ലക്ഷ്യം സഫലമാവാന്‍ രാജ്യം സ്വതന്ത്രമായിട്ടും 21 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 1967ല്‍ ഇ.എം.എസ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഗതാഗതമന്ത്രിയായ ഇ.കെ. ഇമ്പിച്ചിബാവയുടെ ശ്രമഫലമായാണ് നാടിന് അപമാനമായ സ്മാരകം തകര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വാഗണ്‍ട്രാജഡിയിലുള്‍പ്പെടെ മലബാറിന്റെ ധീരയോദ്ധാക്കളെ കൊന്നൊടുക്കിയ, ആലി മുസ്ല്യാരെ തൂക്കിക്കൊന്ന, വാരിയന്‍ കുന്നത്ത് കുഞ്ഞഹ്മ്മദ് ഹാജിയെയും അലവിക്കുട്ടിയെയും വെടിവച്ചു വീഴ്ത്തിയ, നാട്ടില്‍ രക്തപ്പുഴയൊഴുക്കിയ പോലിസ് മേധാവി ഹിച്ച്കോക്കെന്ന നരാധമന്റെ സ്മാരകം സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യസര്‍ക്കാരിനു കീഴില്‍ 21 വര്‍ഷമാണു സംരക്ഷിക്കപ്പെട്ടത്.
![]() |
| ഹിച്ച്കോക്ക് |
![]() |
1968ല്‍ ഹിച്ച്കോക്ക് സ്മാരകം തകര്‍ക്കപ്പെട്ടതോടെ നാട്ടുകാര്‍ അതിനുപകരമായി പ്രതിക്രിയയെന്നോണം മറ്റൊരു സ്മാരകം ഉയര്‍ത്തി. ബ്രിട്ടിഷ് സര്‍ക്കാരില്‍നിന്നും പിന്നീടുവന്ന ജനാധിപത്യ സര്‍ക്കാരില്‍ നിന്നുമേറ്റ അപമാനത്തിന് പ്രതികാരമായി ഒരു സ്മാരകം. 1969ല്‍ ഇതിന് ശിലയിട്ടതും മന്ത്രി ഇ.കെ. ഇമ്പിച്ചി ബാവയായിരുന്നു. അതാണ് മഞ്ചേരിയില്‍നിന്നു കോഴിക്കോട്ടേക്കുള്ള സംസ്ഥാന പാതയോരത്ത് മോങ്ങത്തിനടുത്തുള്ള വള്ളുവമ്പ്രം ജങ്ങ്ഷനില്‍ നീലയും വെള്ളയും ചായമടിച്ച തീവണ്ടി കംപാര്‍ട്ട്മെന്റിന്റെ ആകൃതിയിലുള്ള ബസ്സ്റ്റോപ്പ്. വാഗണ്‍ ട്രാജഡി സ്മാരക ബസ്സ്റ്റോപ്പെന്നാണ് അതിനു പേര്.
കെ.എന്‍. നവാസ് അലി
Thejas News
24.03.2013









Posted in:
0 comments:
Post a Comment