പൊന്നാനിയുടെ അബൂത്വാലിബ്


അലവിഹാജിയുടെ ഖിലാഫത്തോര്‍മകളില്‍ അപ്പുനായര്‍ക്ക് പത്തരമാറ്റ്

എടപ്പാള്‍: പുതുതലമുറക്ക് കാവില്‍പ്പടി കാവില്‍ അപ്പുനായര്‍ എന്ന പ്രതാപി കേട്ടറിവ് മാത്രമാകുമ്പോള്‍ അദ്ദേഹത്തിന്‍െറ തണലില്‍ ജീവിതം തിരിച്ചുപിടിച്ച ഓര്‍മകളാണ് മാണൂര്‍ ചന്തപറമ്പില്‍ അലവി ഹാജിക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വീടുകയറിയുള്ള പ്രചാരണത്തിനിടയിലാണ് അലവി ഹാജിയെ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ അടുത്തറിയുന്നത്. ഖിലാഫത്ത് കാലത്തെ കഥകളിലേക്ക് അലവി ഹാജി തിരിഞ്ഞപ്പോഴേക്കും ജലീലിന് പ്രചാരണത്തിന് മറ്റിടങ്ങളിലേക്ക് പോകാന്‍ നേരമായി.
കഴിഞ്ഞ ദിവസം എം.എല്‍.എ വീണ്ടുമെത്തി, അന്ന് നിര്‍ത്തിവെച്ച ഖിലാഫത്ത് കഥകള്‍ കേള്‍ക്കാന്‍. ഒപ്പം പൊന്നാനി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഇ. ബാലകൃഷ്ണനുമുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളം സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ ഏര്‍പ്പെട്ട മാപ്പിളമാരെ അറസ്റ്റ് ചെയ്യാന്‍ തെരയുന്നകാലം. കലാപത്തിലേര്‍പ്പെട്ട മാപ്പിളമാരെ പരസ്യമായി സഹായിച്ച അപ്പുനായരെ പൊന്നാനിയുടെ അബൂത്വാലിബായാണ് വിശേഷിപ്പിക്കുന്നത്. മതസൗഹാര്‍ദത്തിന് ഉലച്ചില്‍ തട്ടിയ ഈ കാലഘട്ടത്തില്‍ ഇത്തരം ചരിത്രങ്ങള്‍ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് അലവി ഹാജി പറയുന്നു. പിതാവ് മമ്മിയെ വീട്ടില്‍നിന്ന് പിടികൂടി ബ്രിട്ടീഷ് പട്ടാളം ബൂട്ടുകൊണ്ട് ചവിട്ടി മെതിച്ച് ബെല്ലാരി ജയിലില്‍ അടക്കുമ്പോള്‍ അലവിഹാജിക്ക് വയസ്സ് എട്ട്. പിതാവിനെ ഏഴ് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചപ്പോള്‍ സഹായവുമായി എത്തിയത് അപ്പു നായരായിരുന്നു.
101 വയസ്സിന്‍െറ നിറവില്‍ നില്‍ക്കുമ്പോഴും അലവി ഹാജി വീടിന് സമീപത്തെ കൃഷിയിടത്തില്‍ എത്തും. ചരിത്രങ്ങളുടെ കലവറ നിറച്ച മനസ്സുമായി പുതിയ കാലഘട്ടത്തിലെ മാറ്റങ്ങള്‍ നോക്കിക്കാണുന്ന അലവി ഹാജിയെ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. മറിയയാണ് ഭാര്യ. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ സി.പി. ബാവഹാജി മൂത്തമകനാണ്. ആമിന, ബാപ്പുട്ടി, മുഹമ്മദാലി, ഫാത്തിമ, കുഞ്ഞിമുഹമ്മദ്, കദീജ, അബ്ദുല്‍ റസാഖ് എന്നിവരാണ് മറ്റു മക്കള്‍.

മാധ്യമം 10.2.13

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal