പതിറ്റാണ്ടുകള്‍ക്ക് ശേഷം ധീരദേശാഭിമാനികളെ ജന്മനാട് സ്മരിച്ചു

മഞ്ചേരി : മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയ ആലിമുസ്‌ലിയാരെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെയും ജന്മനാടായ  നെല്ലിക്കുത്തില്‍ പതിറ്റാണ്ടുകള്‍ക്ക്  ശേഷം അനുസ്മരിച്ചു.  രാജ്യത്തിനുവേണ്ടി  രക്തസാക്ഷികളായ ആലിമുസ്‌ലിയാരെയും വാരിയന്‍കുന്നത്തിനെയും  തൊണ്ണൂറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വേണ്ടരീതിയില്‍ അനുസ്മരിക്കാന്‍പോലും  പൊതുസമൂഹം തയ്യാറായിരുന്നില്ല. ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തില്‍ തന്നെ ആപൂര്‍വ്വമായ വധശിക്ഷ വിധിക്കപ്പെട്ട  ഒരാളായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി. അദ്ദേഹത്തെ  മലപ്പുറം  കോട്ടക്കുന്നിലെ ചെരുവില്‍ നിര്‍ത്തി പരസ്യമായി വെടിവെച്ച് കൊല്ലുകയായിരുന്നു.  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ ചുട്ടുകരിക്കുകയും  ചെയ്തു. ആലിമുസ്ലിയാരെ തൂക്കിലേറ്റിയത്

കോയമ്പത്തൂരിലാണ്. പില്‍കാലത്ത് ദാരിദ്ര്യത്തിലായ  അദ്ദേഹത്തിന്റെ കുടുംബത്തെ ഭരണകൂടമോ പൊതുസമൂഹമോ വേണ്ടത്ര പരിഗണിച്ചില്ല.  ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്  ആലിമുസ്‌ലിയാരുടെ പേരില്‍  ഒരു സ്മാരക സൗധം നെല്ലിക്കുത്തില്‍ സ്ഥാപിതമായത്. സ്മാരക സൗധം നിലവില്‍ വന്നിട്ടും അര്‍ഹമായ പരിഗണനകള്‍ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ജാലിയന്‍വാലാബാഗിനേക്കാള്‍ കൂടുതല്‍പേര്‍  കൊല്ലപ്പെട്ട സമരമായിരുന്നു  മലബാര്‍ സമരം. മലബാര്‍ സമരത്തിലൂടെ  ബ്രിട്ടീഷുകാര്‍ക്കെതിരെ സമാന്തരരാജ്യം സ്ഥാപിച്ചവരായിരുന്നു ആലിമുസ്‌ലിയാരും വാരിയന്‍കുന്നത്തും. സാമൂഹിക  സഹവര്‍ത്തിത്വത്തിന്റെ ഏറ്റവും  ഉന്നതമായ കാലഘട്ടമായിരുന്നു ഈ സമാന്തര  രാജ്യത്തിലൂടെ കേരളത്തില്‍ ഉണ്ടായിരുന്നത്.

 ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍തന്നെ  ഏറ്റവും വലിയ  വെല്ലുവിളി  ഉയര്‍ത്തിയ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും  പോരാട്ടങ്ങളിലൂടെ ജീവന്‍ നല്‍കിയ ആയിരക്കണക്കിന്  പോരാളികളെ കാലം വിസ്മരിക്കുകയാണ്  ചെയ്തത്. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനപോലും  പൊതുസമൂഹം നല്‍കിയിട്ടില്ല. ഈ സന്ദര്‍ഭത്തിലാണ്  കേരള  മുസ്‌ലിം  ഹെറിറ്റേജ്  ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍  'ആലിമുസ്‌ലിയാരും വാരിയന്‍കുന്നത്തും  മലബാര്‍  പോരാട്ടത്തിന്റെ രാഷ്ട്രീയവും'  എന്ന തലക്കെട്ടില്‍ അവരുടെ ജന്മനാടായ നെല്ലിക്കുത്തില്‍  സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. കക്ഷിഭേദമന്യേ നാട്ടുകാരുടെ പങ്കാളിത്തംകൊണ്ട് ഈ  പരിപാടി  ശ്രദ്ധേയമായി. ഡിസംബറില്‍ കോഴിക്കോട് ജെ.ഡി.റ്റിയില്‍ നടക്കുന്ന കേരള മുസ്‌ലിം  ഹിസ്റ്ററി കോണ്‍ഫ്രന്‍സിന്റെ   ഭാഗമായിട്ടാണ് ഈ സെമിനാര്‍ സംഘടിപ്പിച്ചത്‌

20. Sep, 2013 
Islam Onlive

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal