നക്കാവരം: ആന്‍ഡമാന്‍ ദ്വീപസമൂഹത്തിന്റെ ആത്മകഥ


സ്ഥലങ്ങളെപ്പറ്റിയും രാജ്യങ്ങളെപ്പറ്റിയും അവയുടെ ചരിത്രം, സംസ്‌ക്കാരം, ഭാഷ, വേഷം, ഭക്ഷണം, ജീവിതരീതി, കല എന്നിവയുമെല്ലാം അറിയാന്‍ ആഗ്രഹിക്കുന്ന വായനക്കാര്‍ ഒരുപാടുണ്ട്. കേവലം യാത്രാവിവരണങ്ങള്‍ ഇക്കൂട്ടരെ തൃപ്തിപ്പെടുത്തില്ല. ഒരു സ്ഥലത്തിന്റെയോ രാജ്യത്തിന്റെയോ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നുള്ള രചനകളാണ് ഇവര്‍ക്കു വേണ്ടത്. അത്തരത്തില്‍ ഒരു പുസ്തകമാണ് എ.കെ.പി.നമ്പ്യാര്‍ രചിച്ച നക്കാവരം.

ചരിത്ര പ്രാധാന്യമുള്ള ആന്‍ഡമാന്‍ ദ്വീപസമൂഹത്തില്‍ 38 വര്‍ഷം വിവിധ സര്‍ക്കാര്‍ പദവികളില്‍ ജോലി ചെയ്ത എ.കെ.പി.നമ്പ്യാര്‍ അടിയന്തരാവസ്ഥക്കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടായിരുന്നു. പെന്‍ഷന്‍ പറ്റിയതിനു ശേഷം പത്രപ്രവര്‍ത്തകനായും സാമൂഹ്യപ്രവര്‍ത്തകനായും ഒമ്പത് വര്‍ഷം കൂടി അദ്ദേഹം ആ മണ്ണില്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ ആത്മകഥയാണ് നക്കാവരം എന്ന കൃതി. അക്ഷരാര്‍ത്ഥത്തില്‍ ആന്‍ഡമാന്‍ ദ്വീപസമൂഹത്തിന്റെയും ആത്മകഥയാണിതെന്ന് വിശേഷിപ്പിക്കാം.

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1858 മുതല്‍ ആന്‍ഡമാനിലേക്കു നാടുകടത്തപ്പെട്ടവരുടേയും സെല്ലുലാര്‍ ജയിലില്‍ നരകയാതന അനുഭവിച്ച് മരണമടഞ്ഞവരുടേയും ധീരമായി പോരാടിയവരുടേയും കഥകള്‍ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടായിരുന്ന ഗ്രന്ഥകാരന്റെ വരികളിലൂടെ വായിക്കുമ്പോള്‍ അതിനു പ്രാധാന്യമുണ്ട്. ഒരു ഭാരതീയനെന്ന നിലയില്‍ ആവേശം തോന്നുന്ന ഭാഗമാണത്. അതുപോലെ 1921ലെ മാപ്പിളലഹളയെ തുടര്‍ന്നു നാടുകടത്തപ്പെട്ടവര്‍ നേരിട്ട യാതനകളും വെല്ലുവിളികളും നമ്മെ വിവശരാക്കും. ആദിവാസി
സമൂഹത്തെപ്പറ്റിയുള്ള വിവരങ്ങളും വായനക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
സൂക്ഷ്മമായ അവതരണരീതിയാണ് ഗ്രന്ഥകാരന്‍ അവലംബിച്ചിരിക്കുന്നത്. അതു വായനാസുഖം നല്‍കുന്നതുമാണ്. തന്റെ കണ്ണിലൂടെ കാര്യങ്ങളെ നോക്കികാണുകയോ അപഗ്രഥിക്കുകയോ മാത്രമല്ല ചരിത്രപരമായി അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. ‘നക്കാവരം‘ എന്ന ഒരു സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായനാപുസ്തകം മാത്രമല്ല ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളെപ്പറ്റി ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലും അടുത്തറിഞ്ഞതിന്റെ വെളിച്ചത്തിലുമാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നക്കാവരം ഒരു ആധികാരിക രേഖകൂടിയാകുന്നു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal