വായനക്കാരനെ സംബന്ധിച്ച് അറിവിന്റെ പുതിയ വാതായനം തുറക്കുകയാണ് ‘ഇന്ത്യ- ഇരുളും വെളിച്ചവും’ എന്ന ഗ്രന്ഥം. പോയ തലമുറയില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത് ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്നു നല്‍കി നാളത്തെ തലമുറയ്ക്ക് കൈമാറുവാന്‍ എല്ലാ നിലയ്ക്കും പാകമായ ഒരു വിശിഷ്ട ഗ്രന്ഥം. 15 അദ്ധ്യായങ്ങളിലൂടെ അപൂര്‍വമായ ചിത്രങ്ങളിലൂടെ, ഹൃദയസ്പര്‍ശിയായ അവതരണത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആഴവും പരപ്പും അതിന്റെ സമഗ്രതയില്‍ ഒപ്പിയെടുക്കുവാനുള്ള സത്യസന്ധമായ ശ്രമത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ അക്ഷരോപഹാരം. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനായ പി. ഹരീന്ദ്രനാഥ് എഴുതിയതാണ് ഇന്ത്യ-ഇരുളും വെളിച്ചവും. സാധാരണക്കാരായ ദേശസ്‌നേഹികള്‍, ചരിത്രാധ്യാപകര്‍, ചരിത്രവിദ്യാര്‍ത്ഥികള്‍, എന്നിവരെ ലക്ഷ്യമാക്കിയുള്ളതാണ് ഈ ഗ്രന്ഥം. ചരിത്ര വസ്തുതകളെ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കുന്നതിന് പകരം അവയിലെ ദേശസ്‌നേഹപാഠങ്ങളെ സാമാന്യജനങ്ങളിലെത്തിക്കുവാനുള്ള ശ്രമം കൂടിയാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ സ്മരണീയ മുഹൂര്‍ത്തങ്ങളുടെ ദൃശ്യാവിഷ്‌കാര സാധ്യതകളിലൂന്നിയുള്ള ആഖ്യാന രീതിയും ഗ്രന്ഥത്തിന് പുതുമ പകരുന്നുണ്ട്.
ചരിത്ര പാഠപുസ്തകങ്ങള്‍ വേണ്ടവിധം അടയാളപ്പെടുത്താതെ പോയ വാസ്‌ഗോഡ ഗാമ, റോബര്‍ട്ട് ക്ലൈവ്, മംഗല്‍ പാണ്‌ഡെ, വാസിര്‍ അലി, വീരപാണ്ഡ്യ കട്ടബൊമ്മന്‍, പണ്ഡിറ്റ് രമാബായ്, വീരേശലിംഗം, ഇ.വി. രാമസ്വാമി നായ്ക്കര്‍, എ. ഒ. ഹ്യൂം, സര്‍ സി. ശങ്കരന്‍ നായര്‍, കൗമുദി ടീച്ചര്‍, എം.പി. നാരായണമേനോന്‍, വാസുദേവ് ബല്‍വന്ത് ഫട്‌ക്കെ, ബിര്‍സമുണ്ഡ, സദ്ഗുരു രാംസിങ്ങ് കുക, ശ്യാംജി കൃഷ്ണവര്‍മ്മ, മദന്‍ലാല്‍ ഡിങ്ക്‌റ, ഖുദിറാം ബോസ്, പ്രഫുല്ലചാക്കി, ലാല ഹര്‍ദയാല്‍, വീരേന്ദ്രനാഥ് ചതോപാധ്യായ, രാജാ മഹേന്ദ്രപ്രതാപ്, അല്ലൂരി രാമരാജ, വാഞ്ചി അയ്യര്‍, അഷ്ഫാക്കുള്ള ഖാന്‍, മന്‍മഥ്‌നാഥ് ഗുപ്ത, എം.എന്‍. റോയ്, മുസാഫര്‍ അഹമ്മദ്, കെ. ദാമോദരന്‍, പി. നാഗിറെഡ്ഡി, ജയപ്രകാശ് നാരായണന്‍, ഡോ. റാം മോഹന്‍ ലോഹ്യ, കിറ്റൂര്‍ ചെന്നമ്മ, മഹാറാണി ജിങ് കൗര്‍ കാദംബിനി ഗാംഗുലി, പെറിബെന്‍ ക്യാപ്റ്റന്‍, അക്കാമ്മ ചെറിയാന്‍, ഹാജ്‌റ ബീഗം, കല്‍പന ദത്ത്, കെ.പി. ജാനകിഅമ്മാള്‍, അരുണ ആസഫലി, ബീനാദാസ്, ദുര്‍ഗാവതിദേവി, ഉഷാമേത്ത, മൃദുല സാരാഭായ്, വയലറ്റ് ആല്‍വ, കമലാദേവി ചതോപാദ്ധ്യായ, റാഷ് ബിഹാരിബോസ്, എം.സി.എന്‍. നമ്പ്യാര്‍, ഷാനവാസ്ഖാന്‍, ബേലാദത്ത്, വി.പി. മേനോന്‍, വികെ. കൃഷ്ണമേനോന്‍ തുടങ്ങിയവരെക്കുറിച്ചും ഈ പുസ്തകം പുതിയ വെളിച്ചംവീശുന്നുണ്ട്. പാരതന്ത്ര്യത്തിന്റെ കൂരിരുട്ടില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നമ്മുടെ മാതൃഭൂമിയെ കൈപിടിച്ചുയര്‍ത്തിയ സംഭവ പരമ്പരകളുടെ കാഴ്ചപ്പുറങ്ങളുടെയും കാണാപ്പുറങ്ങളുടെയും ഒരു പുതിയ വായനാനുഭവം കൂടിയായിരിക്കും ഇന്ത്യ- ഇരുളും വെളിച്ചവും.
Janmabhumi Daily



 
 
 Unknown
Unknown
 

 Posted in:
 Posted in:   
 
 
 
 
 
 
 
0 comments:
Post a Comment