യുവതലമുറയെ സ്വാതന്ത്ര്യസമര ചരിത്രം പഠിപ്പിക്കണം-കെ.കെ.എന്‍. കുറുപ്പ്‌


 കട്ടിലശ്ശേരി മൗലവിയും ഖിലാഫത്ത് സമരവും സെമിനാര്‍ സമാപിച്ചു

പെരിന്തല്‍മണ്ണ: പാഠപുസ്തകങ്ങളിലൂടെയുള്ള ചെറുരീതികളല്ലാതെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം പൂര്‍ണ്ണമായും യുവതലമുറയെ പഠിപ്പിക്കണമെന്ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന പ്രൊഫ.ഡോ.കെ.കെ.എന്‍. കുറുപ്പ് അഭിപ്രായപ്പെട്ടു. എം.ഇ.എസ്. സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച കട്ടിലശ്ശേരി മൗലവിയും ഖിലാഫത്ത് സമരവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരചരിത്രവും അതിന്റെ നായകരെയും കുറിച്ച് പഠിപ്പിക്കുന്നതിലൂടെ യുവതലമുറക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കാനാവും. അത് പഠിച്ച് മനസ്സിലാക്കിയാല്‍ അവര്‍ തെറ്റുകളിലേക്ക് നീങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിം മതപണ്ഡിതര്‍ വഹിച്ച പങ്ക് വലുതാണെന്നും ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്പുറം തങ്ങളും ആലി മുസ്ലിയാരും കട്ടിലശ്ശേരിയും അടക്കമുള്ള മതപണ്ഡിതര്‍ പള്ളികളിലെ കുത്തുബകളിലും പരസ്യമായും വിദേശികള്‍ക്കെതിരെ പോരാടാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരങ്ങള്‍ വള്ളുവനാട്ടിലും ഏറനാട്ടിലും രൂക്ഷമാകാനുള്ള കാരണവും ഇതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം സ്വാതന്ത്ര്യസമരകാലം മുതല്‍ ഇന്ത്യയില്‍ നടന്ന കര്‍ഷക കലാപങ്ങള്‍ മണ്ണിന്റെ സ്ഥിരാവകാശത്തിന് വേണ്ടിയായിരുന്നു. ഇത്തരം പോരാട്ടങ്ങളുടെ ഫലമായിരുന്നു ഭൂപരിഷ്‌കരണ നിയമമെന്നും അദ്ദേഹം പറഞ്ഞു.
കട്ടിലശ്ശേരി മൗലവിയുടെ മകള്‍ ഫാത്തിമയെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. 'കട്ടിലശ്ശേരി മൗലവി, വ്യക്തിയും ജീവിതവും' എന്ന വിഷയത്തില്‍ ഡോ.ഹുസൈന്‍ രണ്ടത്താണിയും 'മൗലവിയും നാരായണമേനോനും' എന്ന വിഷയത്തില്‍ ഡോ.ശിവദാസനും 'ബ്രിട്ടീഷ് വിരുദ്ധസമരവും മമ്പുറം തങ്ങളും' എന്ന വിഷയത്തില്‍ ഡോ.മുഹമ്മദ് അബ്ദുല്‍ സത്താറും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
എം.ഇ.എസ്. സംസ്ഥാന ട്രഷറര്‍ മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. അമ്പാടന്‍ മുഹമ്മദ്, ഇ.പി.മോയിന്‍കുട്ടി, ഡോ.കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലം, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംല, പി.രാധാകൃഷ്ണന്‍, എന്‍.അബ്ദുള്‍ ജബ്ബാര്‍, ചോലയില്‍ ഹുസൈന്‍, ബേബി വാത്താച്ചിറ, മുഹമ്മദ് ഷഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

2.10.2014
Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal