വിടപറഞ്ഞത് മലബാര്‍ ലഹളയിലെ നേര്‍സാക്ഷികളിലൊരാള്‍

കരുവാരകുണ്ട്: ഇന്നലെ നിര്യാതയായ കെ.ടി മാനുമുസ്‌ലിയാരുടെ സഹോദരി 1921ലെ മലബാര്‍ ലഹളയിലെ നേര്‍സാക്ഷികളിലൊരാളായിരുന്നു. മലബാര്‍ ലഹള സമരകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ കിരാതവാഴ്ചക്കിരയായതായിരുന്നു ഇവരുടെ കുടുംബം.

മാനുമുസ്‌ലിയാരുടെ വീടിന് സമീപത്തായിരുന്നു തറവാട് വീട്. ലഹള വ്യാപകമായതോടെ അടിച്ചമര്‍ത്താനെത്തിയ പട്ടാളക്കാര്‍ കാരാട്ടുതൊടിക തറവാട് വീട് തീവെച്ചു നശിപ്പിച്ചു. കുട്ടിയായിരുന്ന കുഞ്ഞായിശയാണ് അന്നേരം വീടിന്റെ പ്രമാണങ്ങളും ആഭരണങ്ങളുമടങ്ങിയ മരപ്പെട്ടി പുരയിടത്തിന്റെ പറമ്പിലെ മണ്ണില്‍ കുഴിച്ചുമൂടിയത്.

പിതാവ് കുഞ്ഞാറയെ പട്ടാളം പിടിച്ചുകൊണ്ടുപോയി വീട് ചാമ്പലായതോടെ കുടുംബം മലവാരത്തിലെ ഗുഹകളില്‍ അഭയം തേടി. വളരെയധികം യാതനകളാണ് അന്ന് കുഞ്ഞായിശയുടെ കുടുംബം അനുഭവിച്ചത്.

മാനുമുസ്‌ലിയാരുടെ മാതാവിന്റെ മരണത്തോടെ മൂത്ത സഹോദരിയായ കുഞ്ഞായിശയെ മാതൃസ്ഥാനത്തായിരുന്നു അദ്ദേഹം കണ്ടിരുന്നത്. മാനു മുസ്‌ലിയാര്‍ മരണപ്പെട്ടതോടെ കുഞ്ഞായിശ ഏറെ ദുഃഖിതയായി. പ്രായാധിക്യമുണ്ടായിരുന്നെങ്കിലും കുട്ടിക്കാലത്തെ ഓര്‍മകള്‍ പോലും മങ്ങാതെ കുഞ്ഞായിശക്ക് പറയാനാവുമായിരുന്നു. നാട്ടിലെ പ്രായം ചെന്ന ഈ ഉമ്മയുടെ മരണം നാട്ടുകാരെ ഏറെ ദുഖത്തിലാഴ്ത്തി.

News @ Chandriak

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal