തിരൂരങ്ങാടിയിലെ ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയമാക്കാന്‍ 60 ലക്ഷത്തിന്റ ഭരണാനുമതി
തിരൂരങ്ങാടി: സ്വതന്ത്ര്യ സമരത്തിന്റെ വീരസ്മരണകളുറങ്ങുന്ന തിരൂരങ്ങാടിയിലെ ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നിലവില്‍ താലൂക്ക് ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടം അതേപടി നിലനിര്‍ത്തി നവീകരിക്കുന്നതിന് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. എസ്റ്റിമേറ്റിന്റെ അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് സമര്‍പ്പിച്ചു. സിവില്‍ വര്‍ക്കുകള്‍ക്ക് 31 ലക്ഷവും ഇലക്ട്രിഫിക്കേഷനും മറ്റും 20.5 ലക്ഷവുമാണ് എസ്റ്റിമേറ്റ് തുക.
1906ല്‍ ബ്രിട്ടീഷ് രാജകുമാരന്‍ വെയില്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ സ്മരണക്കായി നിര്‍മിച്ച കെട്ടിടങ്ങളുടെ കൂട്ടത്തിലാണ് ഹജൂര്‍ കച്ചേരിയുടെ നിര്‍മാണമെന്ന് കരുതുന്നു. ബ്രിട്ടീഷ് ഭരണസിരാ കേന്ദ്രവും, കോടതിയും പൊലീസ് സ്റ്റേഷനും ജയിലുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍ കച്ചേരി അതേപടി നിലനിര്‍ത്തി, കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത്, തറയില്‍ ടൈല്‍സ് പതിക്കാനാണ് ഉദ്ദേശിക്കുന്നത്.
കാലപഴക്കത്തില്‍ ഇലക്ട്രിഫിക്കേഷനില്‍ വന്ന കേടുപാടുകള്‍ തീര്‍ക്കും. മലബാര്‍ സ്വാതന്ത്ര്യ സമരത്തിന് നാന്ദി കുറിച്ച് 1921 ഓഗസ്റ്റ് 20ന് കച്ചേരിക്ക് മുന്നിലാണ് ബ്രിട്ടീഷ് പട്ടാളക്കാരുമായി മാപ്പിളയോദ്ധാക്കള്‍ പോരടിച്ചത്. ഈ മുറ്റം ഇന്റര്‍ലോക്ക് ചെയ്യും. ഗാര്‍ഡന്‍ നിര്‍മിക്കും. ഹജൂര്‍ കച്ചേരിയുടെ സ്ഥലങ്ങള്‍ മതില്‍ കെട്ടി സംരക്ഷിക്കുന്നതിനും പദ്ധതിയുണ്ട്. 2.37 ഏക്കര്‍ ഭൂമിയാണ് ഹജൂര്‍ കച്ചേരിക്കുണ്ടായിരുന്നത്.
പൊലീസ് സ്റ്റേഷന്‍, ട്രഷറി, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്കായി കുറെ സ്ഥലം വിട്ടുനല്‍കി. ബാക്കിയുള്ള സ്ഥലങ്ങളില്‍ കൊടിഞ്ഞി റോഡിന്റെ ഭാഗത്ത് മതില്‍ ഇല്ലാത്തതിനാല്‍ അവിടെ മതില്‍ കെട്ടും. മറ്റു ഭാഗങ്ങളിലെ മതിലിലെ അറ്റക്കുറ്റ പണികള്‍ നടത്തും. ചെമ്മാട് ബസ് സ്റ്റാന്റിന്റെ എതിര്‍ വശത്തായി റവന്യൂ വകുപ്പിന്റെ ഭൂമി തുടങ്ങുന്നിടത്ത് മനോഹരമായ കവാടം നിര്‍മിക്കുന്നതിനും അനുമതിയായിട്ടുണ്ട്.
താലൂക്ക് ഓഫീസ് കെട്ടിടമായി പ്രവര്‍ത്തിക്കുന്ന ഹജൂര്‍ കച്ചേരി ചരിത്രമ്യൂസിയമാക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സമരവും ഒപ്പുശേഖരണവും നടത്തിയിരുന്നു.
News @ CHandrika
03.03.2013



Posted in:
0 comments:
Post a Comment