``ഉണ്ടെടോ എനിക്ക് പറയാന്‍.... ഞങ്ങള്‍ മാപ്പിളമാര്‍. മരണവും അന്തസ്സോടെ
ആവണമെന്ന് ആഗ്രഹിക്കുന്നവര്‍... നിങ്ങള്‍, ഇംഗ്ലീഷുകാര്‍ കണ്ണ് കെട്ടി
പുറംതിരിച്ച് നിര്‍ത്തി വെടിവെച്ച് കൊല്ലലാണ് പതിവ്... ഇവനെ അത് ചെയ്യരുത്. എനിക്ക് ഈ നാടിന്റെ മണ്ണ് കണ്ട് മരിക്കണം.....'' `നിങ്ങള്‍ക്ക് എന്നെ
വകവരുത്താം, പക്ഷേ തോല്‍പ്പിക്കാനാവില്ല...' ബ്രിട്ടീഷ് സിംഹത്തെ വിറപ്പിച്ച ഈ ശബ്ദം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതായിരുന്നു. അവസാനാഗ്രഹം അന്വേഷിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് നല്കിയ മറുപടിയാണിത്.
വാരിയന്‍ കുന്നത്തിന്റെ ആ വീരപോരാട്ട ചരിത്രത്തിന് ഇന്ന് 86 ആണ്ട് തികയുന്നു.1922 ജനുവരി 20ന് രാവിലെ ബ്രിട്ടീഷ് പട്ടാള കോടതിയുടെ വിധിയനുസരിച്ച് മലപ്പുറം മഞ്ചേരി റോഡിന്റെ ഒന്നാം മൈലിനടുത്ത കോട്ടക്കുന്നിന്റെ വടക്കേ ചരുവില്‍ വെച്ചാണ് അദ്ദേഹത്തെ വെടിവെച്ച് കൊന്നത്. ഒരുപാട് മോഹനവാഗ്ദാനങ്ങളുടെ ലംഘനവും പരമ
വഞ്ചനയുടെ പരിണിതിയുമായിരുന്നു `മരണവെടിവെപ്പാ'യി പരിണമിച്ചത്.മൃതദേഹത്തോട് ചെയ്ത ക്രൂരത ചെറുത്ത്നില്പിന്റെ കാലത്ത് രൂപപ്പെട്ട വൈരം,വിദ്വേഷത്തിന്റെ അടയാളമായി. മൃതദേഹവും സമാന്തര-സ്വതന്ത്ര മാപ്പിള സര്‍ക്കാറിന്റെ വിലപെട്ട അനേകം രേഖകളടങ്ങുന്ന മരപ്പെട്ടിയും വിറകും മണ്ണെണ്ണയും കൊണ്ട് കത്തിച്ച് നശിപ്പിച്ചുവെന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്.മൂന്ന് മണിക്കൂര്‍ നേരത്തെ എരിപൊരിയലിന് ശേഷം അവശേഷിച്ച എല്ലുകള്‍ പെറുക്കിയെടുത്ത് ഒരു പ്രത്യേക ബാഗിലാക്കി ബാറ്ററി വിംഗ് ബാരക്കിലേക്ക് മടങ്ങി.
പിന്നീടവിടെ ആനന്ദാഘോഷത്തിന്റെ തിമിരതിമര്‍പ്പായിരുന്നു. മദ്യകുപ്പികള്‍
കൂട്ടിമുട്ടുന്ന കലപില ശബ്ദങ്ങള്‍... പട്ടാളക്കാര്‍ മദോന്മത്തരായി നൃത്തം വെച്ചു.ആഘോഷത്തിനൊടുവില്‍ ബാറ്ററിയിലെ എല്ലാ അംഗങ്ങള്‍ക്കും 150 രൂപ വീതം പാരിതോഷികം വിതരണം ചെയ്യപ്പെട്ടു. ബാറ്ററി അസി. കമാന്റര്‍ക്ക് 500 രൂപയും 15 ഏക്കര്‍ ഭൂമിയും.
ഹാജി ചെറുപ്പം മുതല്‍ ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തിലും സമരത്തിലുമാണ്.
വാരിയന്‍കുന്നത്ത് മൊയ്തീന്‍കുട്ടി ഹാജിയുടെയും കുഞ്ഞായിശുമ്മ ഹജ്ജുമ്മയുടെയും മകനായി 1866ല്‍ ജനിച്ച ഹാജി, വയസ്സിന്റെ 20, 24 കാലയളവ് മുതല്‍ പൂര്‍ണ്ണ പ്രത്യക്ഷസമരത്തിലായിരുന്നു.സംസാര ചാരുതയും പ്രവര്‍ത്തനക്ഷമതയും ഉള്‍കാഴ്ചയും വഴി അദ്ദേഹത്തിന് ജനസമ്മിതിയും
ജനനേതൃത്വവുംകൈവന്നത് വിദേശി പരിശകള് പകച്ചാണ് കണ്ടത്. ജനങ്ങളുടെ ഈ ദേശീയ പ്രബുദ്ധത തല്ലികെടുത്താന്‍ പഠിച്ച പണി പരമാവധിയും ബ്രിട്ടീഷ് പട്ടാളക്കാര്‍ പയറ്റി. മലബാര്‍ കലക്ടര്‍ ഇ.എഫ്. തോമസ് 1921 ഫെബ്രുവരി 25ന് പുറപ്പെടുവിച്ച
ഉത്തരവ്: ``ഏറനാട് താലൂക്കിലെ നെല്ലിക്കുത്ത് ഖിലാഫത്ത് യോഗങ്ങള്‍ ചേര്‍ന്ന് പ്രസംഗം നടത്തുവാന്‍ പോകുന്നുവെന്നും അതിന് സഹായങ്ങള്‍ ചെയ്ത് വരുന്നത് യു.ഗോപാലമേനോന്‍, കെ. മാധവന് നായര്‍ എന്നീ ഉപജീവനമാര്‍ഗ്ഗമില്ലാത്ത രണ്ട് എക്സ് വക്കീലന്മാരും മറ്റൊന്ന് മുമ്പ് കഴിഞ്ഞിട്ടുള്ള മാപ്പിള ലഹളകളിലെല്ലാം എന്തെങ്കിലും പങ്കുണ്ടായിട്ടുള്ള വാരിയന്‍കുന്നത്ത് വീട്ടിലെ കുഞ്ഞഹമ്മദാജിയുമാണെന്ന് അറിവ് കിട്ടിയതിനാല്‍ ഇവര്‍ ആരെങ്കിലുമോ മറ്റോ ഏറനാട് താലൂക്കില്‍ യാതൊരു യോഗമെങ്കിലും ചേരുകയോ ആ താലൂക്കില്‍ എവിടെയെങ്കിലും
പ്രസംഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചരിക്കുന്നു. (കോണ്‍ഗ്രസ്സും കേരളവും/എ.കെ. പിള്ള/പേ: 417)
ഇന്ത്യയില്‍ പൊതുവിലും മലബാറില്‍ പ്രത്യേകിച്ചും കയ്യടക്കല്‍ തന്ത്രമായി പ്രയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കല്‍ ഈ മണ്ണില്‍ വിജയിക്കാതിരുന്നതിന്റെ പിന്നിലെ ഘടകവും ഹാജിയുടെ ധീരതയില്‍ കലരുന്നതാണ്. വര്‍ഗ്ഗീയ ചേരിപോരിലൂടെ മുതലെടുക്കാന്‍ സ്വപ്നം കണ്ട് പള്ളിക്ക് മുമ്പില്‍ പന്നിയുടെ ശവവും അമ്പലത്തിന് മുമ്പില്‍ പശുവിന്റെ ശവവും കൊണ്ടിട്ടപ്പോള്‍ ജനങ്ങള്‍ പരസ്പരം തമ്മിലടിക്കുന്നത് ഹാജി തടഞ്ഞു.മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യുന്നതില്‍ നിന്ന് സംരക്ഷിച്ചതും നിലമ്പൂരിലെ കോവിലകത്തിന് കാവലായതും ഹാജിയുടെ ജീവിതത്തിലെ ``ഞങ്ങള്‍, നിങ്ങള്‍ വിദേശികള്‍ക്കെതിരെ ഒന്നാണെന്ന?തിന്റെ മൂര്‍ത്ത മാതൃകയാണ്. കേരള കോണ്‍ഗ്രസ്സിന്റെ ആധികാരിക ചരിത്രകാരനായ എ.കെ. പിള്ള എഴുതുന്നു: ``ഹാജി ലഹളക്കാരുടെ നേതൃത്വം സ്വീകരിച്ചതോടുകൂടി ലഹള കുറേക്കൂടി വിപുലമായിത്തീര്‍ന്നു. അരാജകത്വം വരാതെ കണ്ടുള്ള മുറകളും ക്രമങ്ങളും ഹാജിക്കുണ്ടായിരുന്നു. അദ്ദേഹം അനുയായികളോട് ചില നിയന്ത്രണങ്ങളെല്ലാം കല്പിച്ചു. ഹിന്ദുക്കളെ അക്രമിക്കരുത്. തന്റെ പ്രത്യേക
അനുമതിയില്ലാതെ എതിര്‍പക്ഷത്തുനിന്നും തടവുകാരായി പിടിക്കുന്ന യാതൊരാളെയും വധിക്കരുത്. സാമാന്യജനങ്ങള ശല്യപ്പെടുത്തുകയോ വീട്-പീടികകള്‍ കൊള്ളയടിക്കുകയോ ചെയ്യുന്നവരെ ഹാജിക്ക് മുമ്പാകെ വരുത്തി വിചാരണ ചെയ്ത് ശക്തമായ ശിക്ഷ നല്‍കുക''
(കോണ്‍ഗ്രസ്സും കേരളവും/ പേ. 446, 447)
സ്വാതന്ത്ര്യത്തിന് വേണ്ടി ചെറുത്ത് നില്പ് ദേശീയ പൊതുസ്ഥിതി ആയിരുന്നെങ്കിലും `അലാവുദ്ദീന്റെ അല്‍ഭുത വിളക്ക് പോലെയായിരുന്നു ചെറുത്ത് നില്പിന്റെ മലബാറിയന്‍ മുഖം. ഇതിന്റെ പിന്നിലെ വാരിയന്‍കുന്നത്തിന്റെ കയ്യും മെയ്യും ചന്ദ്രപ്രകാശത്തിന്
സൂര്യന് മുഖ്യമാകുന്നത് പോലെയായിരുന്നു. 1857-ല്‍ ഉണ്ടായ ഇന്ത്യന്‍ ശിപായി
ലഹളക്ക് ശേഷം ബ്രിട്ടീഷ് ഗവണ്മെന്റും ഇന്ത്യക്കാരുമായി നടന്ന സംഘട്ടനങ്ങളില്‍ വെച്ചേറ്റവും ഗംഭീരമായ മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷുകാരുടെ എതിരാളികളില്‍ അഗ്രഗണ്യനായിരുന്നു കുഞ്ഞഹമ്മദാജി'' (കെ. മാധവന് നായര്‍/ മലബാര്‍ കലാപം/ പേ: 278).1921-ലെ വിമോചന സമരം ബ്രിട്ടീഷ് പട്ടാളക്കാരെ അല്ഭുതപ്പെടുത്തിയെന്നത് വസ്തുതയാണ്. പല പ്രദേശങ്ങളിലും പട്ടാളക്കാര്‍ കടന്നുവരാന്‍ ഭയപ്പെട്ടു. ഹാജിയുടെ
നീക്കങ്ങളിലൂടെ 200 വില്ലേജുകളില്‍ നീണ്ട ആറ് മാസക്കാലം ബ്രിട്ടീഷ്കാര്‍ക്ക്
കടന്നുവരാനാവാത്തവിധം സ്വതന്ത്ര മാപ്പിള സര്‍ക്കാര്‍ നിലവില്‍ വന്നു.
ഹിന്ദു-മുസ്ലിംകള് ഹാജിയുടെ പാസ്പോര്‍ട്ടോടുകൂടി മാത്രമായിരുന്നു യാത്ര
നടത്തിയിരുന്നത്. ബ്രിട്ടീഷ് വേദാളന്മാരെ ജാതി നോക്കാതെ അദ്ദേഹം കൈകാര്യം ചെയ്തു.
ഇന്ത്യയിലെ കൂലി ചരിത്രകാരന്മാരും അല്ലാത്തവരും ഹാജിയേയും അദ്ദേഹം നയിച്ച സമരങ്ങളേയും കാണാതിരുന്നതും കാണായ്മ നടിച്ചതും ഖേദകരമായ വസ്തുതയാണ്.സ്വാതന്ത്ര്യ സമര ചരിത്രമെഴുതിയപ്പോള്‍ 1921-ലെ മലബാര്‍ കലാപവും അതിന്റെ നായകരും അവര്‍ക്ക് ഒന്നുമായിരുന്നില്ല. സത്യത്തില്‍ ചരിത്രത്തിന്റെ നേര്‍വായനയും എഴുത്തും നടക്കുന്നിടത്ത് ഭഗത്സിംഗിന്റെയും റാസ്ബീഹാരിന്റെയും ഹിറ്റ്ലറോടും
മുസോളിനിയോടും ചേര്‍ന്ന് പോലും യുദ്ധത്തിനൊരുങ്ങിയ സുഭാഷ് ചന്ദ്രബോസിന്റെയും മുമ്പിലായിരിക്കും സമാന്തര ഭരണം സ്ഥാപിച്ച് വിപ്ലവം നയിച്ച ``മലബാറില്‍ ഇംഗ്ലീഷ് ഭരണം തുടച്ച് നീക്കപ്പെട്ടു'' (1921 ആഗസ്റ്റ് 20-ലെ ലണ്ടന്‍ ടൈംസ്) എന്ന്എഴുതിപ്പിച്ച കുഞ്ഞഹമ്മദാജി, ജാലിയന്‍വാലാബാഗിന് പോലും സാക്ഷിയായ പഞ്ചാബിലേതിനെക്കാളും ചുറ്റളവില്‍ മലപ്പുറത്താണ് പോലീസ് ക്യാമ്പുകളുള്ളത്, ഒന്നു കൂകിയാല്‍ കേള്‍ക്കുംവിധം അടുത്തടുത്ത്.... ഇന്നത്തെ എം.എസ്.പി. (മലബാര്‍ സ്പെഷ്യല്‍ പോലീസ്), എം.എസ്.എഫ്. (മലപ്പുറം സ്പെഷ്യല്‍ ഫോഴ്സ്)ല്‍ നിന്ന് ലോപിച്ചതാണ് ഇവിടത്തെ ചെറുത്ത് നില്പിന്റെ ചൂടുംചൂരും അത്രയും ശക്തമായതിനാല്‍, അതൊതുക്കാനായിരുന്നു ഈ കൂലിപോലീസുകാര്‍ 1921 ഡിസം.: 14ന് അവിചാരിതമായി ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചു.
പന്തല്ലൂര്‍ പോലീസ് സ്റ്റേഷന്, പോസ്റ്റ് ഓഫീസ്, സര്‍വ്വേ ഓഫീസ് എന്നിവ
കത്തിച്ചു, ആയുധങ്ങള്‍ കൈവശപ്പെടുത്തി. ഹാജിയുടെ അവസാന ആക്രമണങ്ങളായിരുന്നു ഇത്.മാപ്പിള പോരാളികളോടൊത്ത് ഒരവസാന പോരാട്ടത്തിന് ഹാജി ഒരുങ്ങുന്നുണ്ടെന്ന് മനസ്സിലാക്കി അധികാരികള്‍ എന്തുവിലകൊടുത്തും ഹാജിയെ ജീവനോടെ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഇന്റലിജന്‍സ് മേധാവി മോറിന് വില്യം മലപ്പുറത്ത് പാഞ്ഞെത്തി കല്ലാമൂലയിലെ പട്ടാളത്തിന്റെ റോന്ത് ചുറ്റല് നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. കല്ലാമൂലയിലെ താളന്‍പൂന്‍ കുഴിമലയില്‍ വെച്ചായിരുന്നു ഹാജി
അവശേഷിച്ച അനുയായികളുമായി തന്റെ രക്തസാക്ഷിത്വം സ്വപ്നം കണ്ട അവസാന പോരാട്ടത്തിന് തയ്യാറെടുത്തത്. മോറിന് വില്യമിന്റെ ആജ്ഞ പ്രകാരം ഏറനാട്, വള്ളുവനാടുകളില്‍ പട്ടാളക്കാര്‍ ചെണ്ടകൊട്ടിയറിയിച്ചു ``കീഴടങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് ചക്രവര്‍ത്തി തിരുമനസ്സ് മാപ്പ് നല്കാന് തയ്യാര്‍...'' (ഒരാള്‍ക്കും മാപ്പ് കൊടുത്തില്ല.)
ഹാജിയെ പിടികൂടാന്‍ ഒരുപാട് ചാരന്മാരെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ കുഞ്ഞഹമ്മദാജിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളും സാത്വികനുമായ ഉണ്യാലി മുസ്ല്യാരെ ആമു സൂപ്രണ്ടും ബ്രിട്ടീഷ് ഇന്റലിജന്‍സുകളും ഇടനിലക്കാരനാക്കി.
`കുഞ്ഞഹമ്മദാജിക്ക് മാപ്പ് നല്കി മക്കയിലേക്കയക്കാ'മെന്ന് പറയുന്നത് കേട്ട്
പാവം വീണതായിരിക്കണം.... പോലീസ് നിര്‍ദ്ദേശിച്ച വഴികാട്ടിയുമൊത്ത് താളന്‍പൂന്‍ കുഴിമലയില്‍ ചെന്ന് ഹാജിയെ കണ്ട് കാര്യം അറിയിച്ചു. അന്നത്തെ അസര്‍ നമസ്ക്കാരം ഉണ്യാലി മുസ്ല്യാരുടെ നേതൃത്വത്തിലായിരുന്നു. നമസ്ക്കാരത്തിനിടയില്‍ മുസ്ല്യാരും
വഴികാട്ടിയും അറിയാതെ പിന്തുടര്ന്നിരുന്ന പട്ടാളം മിന്നലാക്രമണം നടത്തി.
വഞ്ചനക്ക് ക്രൂര മുഖം കൂടി കൈവന്ന രീതിയിലൂടെയായിരുന്നു 1922 ജനുവരി 6ന് വാരിന്‍കുന്നത്തിനേയും അനുയായികളേയും അധീനപ്പെടുത്തിയത്.
പിറന്ന മണ്ണിന്റെ കാര്യത്തില്‍ ആത്മാഭിമാനം കൊണ്ട് നീണ്ട നേരം ഹാജി
വാദവിചാരണയിലേര്പ്പെട്ടു. ``ഞാന്‍ പിറന്നത് ഈ ഏറനാടിന്റെ വീരമണ്ണിലാണ്. ഇവിടെ തന്നെ മരിച്ചു, ഈ മണ്ണില്‍ ലയിച്ച് ചേരണമെന്നാണെന്റെ അഭിലാഷം. ഞാന്‍ മരിച്ച് വീഴുന്നത് സ്വതന്ത്രമണ്ണിലാണ്, നിങ്ങളുടെ അടിമത്വത്തില്‍ നിന്ന് ചില മാസങ്ങള്‍
മോചിപ്പിക്കപ്പെട്ട മലബാറിന്റെ ഈ സ്വതന്ത്രഭൂമിയില്‍....'' താന്‍ കളങ്കമറ്റ
ധീരദേശാഭിമാനിയായിരുന്നെന്നാണ് ഹാജി ഈ പ്രഖ്യാപനത്തിലൂടെ ഉറപ്പ് വരുത്തുന്നത്.
Wednesday, 21 January 2009
മുഖ്താര്‍ ഖാസ്ദേശ് , chandrika



Posted in:
0 comments:
Post a Comment