![]() | |
|
1857ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവാഞ്ഛകള്ക്കു തന്നെ പുതിയ ദിശാബോധം നല്കി സമരാഹ്വാനം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ രാജ്യം സ്വാതന്ത്ര്യത്തിലേക്കു പുലര്ന്നതുവരെ അതിനിര്‍ണായകമായ പങ്കുവഹിച്ചിരുന്ന മുസ്ലിം ജനവിഭാഗം ഇന്നു ചരിത്രത്തില്‍നിന്നു തന്നെ കുഴിമൂടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സവര്‍ണ ഫാസിസം ബോധപൂര്‍വം നടത്തുന്ന അത്തരം ശ്രമങ്ങള്‍ക്കിടയില്‍ ചരിത്രത്തെ പുനരാലോചന നടത്തി മാത്രമേ ഇനി ഇന്ത്യന്‍ മുസ്ലിമിനു പിടിച്ചുനില്‍ക്കാനാകൂ എന്ന സ്ഥിതിയായിരിക്കുന്നു. ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ എന്നല്ല ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും വൈദേശികശക്തികളായ ബ്രിട്ടന്റെ കുടിലഭരണത്തില്നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനും മുസ്ലിം നേതാക്കന്മാരും പണ്ഡിതന്മാരും വഹിച്ച പങ്ക് നിസ്തുലം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് മുസ്ലിം പണ്ഡിതസഭയായ ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ ജനറല്‍ സെക്രട്ടറിയായി മൗലാനാ സയ്യിദ് ഹുസൈന് അഹ്മദ് മദനി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് ഡല്‍ഹി ജുമാ മസ്ജിദിനു സമീപത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇങ്ങനെ ലോകത്തോടു വിളിച്ചുപറഞ്ഞത്: ‘ ഈ ഉലമാക്കളുടെ കാല്പാദങ്ങളില് പറ്റിപ്പിടിച്ചിരിക്കുന്ന മണല്‍തരികള്‍ എന്റെ കണ്ണിലെ കൃഷ്ണമണി പോലെയാണ് . അവരുടെ കാല്പാദങ്ങളില് ചുംബിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.’ രാജ്യത്തിന്റെ വിമോചനത്തിനുവേണ്ടി ജീവിതം ബലിയര്‍പ്പിച്ചു പോരാടിയ മുസ്ലിം പണ്ഡിത മഹത്തുക്കളോടുള്ള ആദരവാണ് നെഹ്റു ആ പ്രസംഗത്തിലൂടെ സൂചിപ്പിച്ചത്.
ഇത്തരം ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനടത്തവും ചരിത്രത്തിന്റെ പുനരാലോചനയും പ്രസക്തമായി വരുന്ന കാലത്ത് ഏറെ അഭിനന്ദിക്കപ്പെടേണ്ട ഒരു രചന നിര്‍വഹിച്ചിരിക്കുന്നു ചരിത്രാന്വേഷിയായ മുജീബ് തങ്ങള്‍ കൊന്നാര്. സ്വാതന്ത്ര്യ സമരത്തിലെ തങ്ങള്‍ കുടുംബങ്ങളുടെ സാന്നിധ്യമാണ് അദ്ദേഹം ക്രോഡീകരിച്ചിരിക്കുന്നത്. ഏറെ സ്തുത്യര്‍ഹവും അതിലേറെ സന്ദര്‍ഭോചിതവുമായ ഒരു കര്‍മമാണ് മുജീബ് തങ്ങള്‍ നിര്വഹിച്ചിരിക്കുന്നതെന്നു തന്നെ പറയാം. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ മുസ്ലിം ഏടുകള്‍ പലരും പല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ ആഴത്തിലേക്കിറങ്ങാത്ത ഒഴുക്കന്‍മട്ടിലുള്ള രചനകളായിരുന്നു മിക്കതുമെന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്.
വൈദേശികവിരുദ്ധ സമരപോരാട്ടങ്ങളുടെ ചരിത്രത്തില്‍ മലബാറിനു പ്രത്യേക അധ്യായം തന്നെ നീക്കിവയ്ക്കേണ്ടതായുണ്ട്. മലബാര്‍ സമരമെന്നതിനപ്പുറം ദീര്‍ഘകാലം ബ്രിട്ടീഷ് ഭരണാധിപന്മാര്ക്ക് ഭീഷണിയായി നിലകൊണ്ട ഒരു ജനവിഭാഗമായിരുന്നു മലബാറിലെ മാപ്പിളമാര്‍. അതിന്റെ കാരണം മലബാറുകാര്ക്കുണ്ടായിരുന്ന നേതൃസൗഭാഗ്യം തന്നെയാണ്. നബികുടുംബത്തിലെ പിന്മുറക്കാരും തലമുതിര്‍ന്ന പണ്ഡിതന്മാരുമടക്കം സമ്പന്നമായിരുന്നു ആ നേതൃനിര. മാപ്പിളമാര്‍ക്കു പുറമെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പാദസേവകരായ ജന്മിത്വത്തിന്റെ നിരന്തര മര്‍ദനങ്ങള്‍ക്കിരയായ മലബാറിലെ കീഴാള ജനവിഭാഗങ്ങളും രക്ഷ കണ്ടത് ആ നേതൃത്വത്തില്‍ തന്നെയായിരുന്നു. ഇന്നു കാണുന്ന പോലെ വ്യവസ്ഥാപിതമോ സംഘടനാവല്കൃതമോ ആയ ഒരു പൊതുഘടകം അവരെ ഏകോപിപ്പിക്കാന്‍ അന്നുണ്ടായിരുന്നില്ലെങ്കിലും മുസ്ലിം-കീഴാള ജനതയെ ആ നേതൃത്വത്തിനു കീഴില്‍ ഒരുമിപ്പിക്കുന്ന വേരൂന്നിയ ആത്മീയശക്തി അവിടെ പ്രബലമായി നിലനിന്നിരുന്നിരുന്നു.
ജീവന് ത്യജിച്ചും ആ നേതൃത്വം മുന്നില്‍നിന്നു പോരാടിയത് മലബാറില്‍ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനായിരുന്നില്ല എന്നതായിരുന്നു ശ്രദ്ധേയം. മലബാര്‍ ഭരിക്കണമെന്ന വാശിയും അവര്‍ക്കുണ്ടായിരുന്നില്ല. മറിച്ച് ജീവിക്കാനും മതം പുലര്‍ത്താനും അതുവഴി സമൂഹത്തിന്റെ തന്നെ അന്തസ് ഉയര്‍ത്തുന്ന സ്വയം ഭരണം നിലനിര്‍ത്താനുമുള്ള വാഞ്ഛയായിരുന്നു അതിനു പിന്നില്‍. മമ്പുറം തങ്ങള്‍, ഫസല്‍ തങ്ങള്‍, ഉമര്‍ ഖാളി, മഖ്ദൂമുമാര്‍, ആലി മുസ്ലിയാര്, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, പാണക്കാട് ശിഹാബ് ആറ്റക്കോയ തങ്ങള്‍ തുടങ്ങി ആ നേതൃത്വനിര ശക്തമായിരുന്നു.
![]() |
| മുജീബ് തങ്ങള്‍ കൊന്നാര |
ഇവിടെ മുജീബ് തങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത് ആ സമരനേതൃനിരയിലെ സയ്യിദുമാരെ വേറിട്ടു കണ്ടെത്തിയെടുത്തിരിക്കുകയാണ്. ശ്രദ്ധേയമായൊരു ചരിത്രപഠനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. കേരളീയ നവോഥാന ചരിത്രത്തില്‍ തന്നെ വിസ്മരിക്കാനാകാത്ത അതുല്യവ്യക്തിത്വമായ മമ്പുറം സയ്യിദ് അലവി തങ്ങള്‍ മുതല്‍ നീളുന്ന ആ നേതൃനിരയില്‍ ശ്രദ്ധേയരായ 63 സയ്യിദുമാരെതന്നെ അദ്ദേഹം വിശദമായ വിവരങ്ങളോടെ കണ്ടെത്തിക്കൊണ്ടുവന്നിരിക്കുന്നു.
1792 മുതല്‍ സ്വാതന്ത്ര്യലബ്ധി വരെയുള്ള സമരപോരാട്ട ചരിത്രത്തിലെ തങ്ങള്‍ സാന്നിധ്യമാണ് പുസ്തകം അടയാളപ്പെടുത്തുന്നത്. ഹദ്റമി, ബുഖാരി എന്നിങ്ങനെ രണ്ടു കുടുംബ കൈവഴികളിലായുള്ള കേരളീയ സയ്യിദ് പാരമ്പര്യം എങ്ങനെ സ്വാതന്ത്ര്യ സമര രണഭൂമിയില്‍ പ്രാദേശിക ജനതയ്ക്കും ഒരു ഘട്ടത്തില്‍ ലോകതലത്തില്‍ വരെ ദിശാബോധം നല്കുന്ന തലത്തിലേക്ക് ഉയര്‍ന്നുവെന്നു പുസ്തകം അടിവരയിട്ടു കാണിക്കുന്നുണ്ട്. മമ്പുറം തങ്ങള്‍ക്കു പുറമെ, മമ്പുറം ഫസല്‍ തങ്ങള്‍, പാണക്കാട് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍, വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ചെമ്പശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, മലപ്പുറം ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഹാശിം ബാഫഖി കൊയിലാണ്ടി, കൊന്നാര് തങ്ങന്മാര് അങ്ങനെ നീണ്ടുപോകുന്നതാണ് ആ ശക്തമായ നിര. അത്രയും ചരിത്രങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ ശ്ലാഘനീയമായ പരിശ്രമം തന്നെ രചയിതാവ് നടത്തിയിട്ടുണ്ടെന്നു ഒരുവേള പുസ്തകത്തിലൂടെ കണ്ണോടിക്കുന്നവനു തന്നെ ബോധ്യപ്പെടും. പഴയ കോടതിരേഖകളും ആര്ക്കൈവുകളില്നിന്നു ലഭിച്ച വിവരങ്ങളും ചരിത്രസ്രോതസുകളും ആശ്രയിച്ച് രചിച്ചതാണെന്നതു പുസ്തകത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നു.
ചിത്രങ്ങളും രേഖാപകര്‍പ്പുകളും ആധികാരികതയ്ക്കായി പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ചരിത്ര രചനയില്‍ തന്നെ പുതിയൊരു ദിശാബോധം നല്കുന്ന രചനയാണിത്. ചരിത്ര ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദം. ചരിത്രം കാവിവല്‍ക്കരിക്കപ്പെടുന്ന കാലത്ത് നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയായ മുജീബ് തങ്ങള്‍ പുതിയ രചനയിലൂടെ നിര്‍വഹിച്ചിരിക്കുന്നത് വലിയൊരു ചരിത്രദൗത്യമാണെന്നു തന്നെ വേണം പറയാന്‍.
ഹബീബുറഹ്മാന് കെ.പി
സുപ്രഭാതം ദിനപത്രം
27.8.2017





Posted in:
0 comments:
Post a Comment