ചരിത്രരചനയും അപൂര്‍വവും അമൂല്യവുമായ ഗ്രന്ഥങ്ങള്‍ ശേഖരിക്കലും ജീവിത സപര്യയാക്കിയ മതാധ്യാപകനാണ് നെല്ലിക്കുത്ത് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
ചരിത്ര രചനയും അപൂര്‍വവും അമൂല്യവുമായ ഗ്രന്ഥശേഖരണവും സപര്യയാക്കി ഒരാള്‍ ഇതാ ഇവിടെ ജീവിക്കുന്നു. മലപ്പുറം മഞ്ചേരിയിലെ നെല്ലിക്കുത്ത് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്ന മദ്‌റസാധ്യാപകനാണ് ഈ ശ്രദ്ധേയ ശ്രമങ്ങളുടെ ഉടമ. അഞ്ചാം ക്ലാസ് സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം ചാവക്കാട് ദര്‍സില്‍ പഠിക്കുന്ന കാലത്ത് സി.എച്ച് മുഹമ്മദ് കോയയുടെ ‘എന്റെ ഹജ്ജ് യാത്ര’ എന്ന പുസ്തകം വായിക്കാനിടയായതാണു പുസ്തകവായനയിലേക്കും ഗ്രന്ഥശേഖരണത്തിലേക്കും വാതില്‍ തുറന്നത്. അതോടെ പുസ്തകം സ്വന്തമായി വാങ്ങലും വായിക്കലും ചെറുപ്പം മുതലേ പതിവായി. വായനയും പുസ്തകം വാങ്ങലും സ്വന്തം കുടുംബമായി ജീവിക്കാന്‍ തുടങ്ങിയിട്ടും അവസാനിക്കാത്തതിനാല്‍ ദാരിദ്ര്യം ബുദ്ധിമുട്ടിച്ചിരുന്നത് അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ഓര്‍മയാണ്.
രണ്ടായിരത്തിലേറെ കനപ്പെട്ട പുസ്തകങ്ങളും അനവധി അപൂര്‍വ ഗ്രന്ഥങ്ങളും അറബിമലയാളം, അറബിത്തമിഴ് രചനകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 1921ല്‍ വിരചിതമായ ഖുര്‍ആനിന്റെ കൈയെഴുത്ത് അറബിവ്യാഖ്യനം, ഹിജ്‌റ 1125ല്‍ എഴുതിയ ഖുര്‍ആന്‍ കൈയെഴുത്തുപ്രതി, മായിന്‍കുട്ടി എളയുടെ അറബിമലയാള പരിഭാഷ, ശുജായി മൊയ്തു മുസ്‌ലിയാരുടെ ഫത്ഹുല്‍ ഫത്താഹ്, ഫൈളുല്‍ ഫയ്യാള്, മുഹമ്മദ് കണ്ണ് നൂഹ് മുസ്‌ലിയാരുടെ ഫത്ഹു സ്വമദ്, മഖ്ദൂം പണ്ഡിതന്മാരുടെ വിവിധ വാള്യങ്ങളുള്ള ഖുര്‍ആന്‍ അറബിമലയാള പരിഭാഷകള്‍, മൗലവി പി. മുഹമ്മദ് എടശ്ശേരിയുടെ ഖുര്‍ആന്‍ പരിഭാഷ, അഹ്മദ് അലാഉദ്ദീന്‍ ഹിജ്‌റ 1302ല്‍ എഴുതിയ നബാതി ഖുത്ബയുടെ അറബിത്തമിഴ് കൃതി, സയ്യിദ് മുഹമ്മദ് ബ്‌നു അഹ്മദ് ലബ്ബൈ എന്ന തമിഴ്‌നാട്ടിലെ കീളക്കരക്കാരനെഴുതിയ അറബിത്തമിഴിലുള്ള ഗനീമതുസ്സാലികീന്‍ വ ദവീറതുന്നാസികീന്‍, കെ.കെ അബ്ദുല്‍ കരീമിന്റെ അറബിമലയാളത്തിലെ ഫത്ഹുല്‍ ബയാന്‍ ഫീ സീറത്തിനബിയ്യില്‍ അമീന്‍….തുടങ്ങി അനവധി അപൂര്‍വ ഗ്രന്ഥങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നുണ്ട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍.
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, സുവനീറുകള്‍, മരണ-അപകട സംഭവ ദിവസങ്ങളിലെ പത്രങ്ങള്‍, അറബിമലയാളത്തിലടക്കമുള്ള ആദ്യകാലങ്ങളിലെ വാരികകളും മാസികകളും…അങ്ങനെ വലിയൊരു ശേഖരം തന്നെയുണ്ട് അദ്ദേഹത്തിന്റെ ലൈബ്രറിയില്‍.
ദരിദ്രകുടുംബമായിന്നു തന്റേതെങ്കിലും ഒരു പുസ്തകം വാങ്ങണമെന്നാഗ്രഹമുണ്ടാകുമ്പോള്‍ കര്‍ഷക ലോണെടുത്തും അതു നിറവേറ്റിയ ചരിത്രം പറയുമ്പോള്‍ ആത്മ നിര്‍വൃതികൊള്ളുന്നുണ്ട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍.
ഈയിടെ കേരള സര്‍ക്കാര്‍ നടത്തിയ മുസിരിസ് ഹെരിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായുള്ള അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ ലൈബ്രറിയിലും ഗവേഷകര്‍ എത്തിയിരുന്നു. അവരുടെ പഠനത്തിലേക്ക് അദ്ദേഹം നല്‍കിയ നിരവധി രേഖകള്‍ക്ക് അംഗീകാര മംഗളപത്രവും സര്‍ട്ടിഫിക്കറ്റും നല്‍കി കേരള ടൂറിസം വകുപ്പ് അബ്ദുറഹ്മാന്‍ മുസ്‌ലിയാരെ ആദരിക്കുകയും ചെയ്തിട്ടുണ്ട്.
1990കളില്‍ കോഴിക്കോട് വെള്ളയില്‍ അദ്ദേഹം ജോലിചെയ്യുന്ന കാലത്ത് കോഴിക്കോട് കോര്‍പറേഷന്‍ സംഘടിപ്പിച്ച എക്‌സിബിഷനില്‍ ‘ചന്ദ്രിക’യുടെ ചരിത്രം അപൂര്‍ണമായി കണ്ടത് മുസ്‌ലിം ലീഗിന്റെയും നേതാക്കളുടെയും ‘ചന്ദ്രിക’യുടെയും ചരിത്രമന്വേഷിച്ച് അലഞ്ഞുതിരിയാന്‍ കാരണമായി. ചരിത്രമന്വേഷിച്ചുള്ള ആ അലച്ചില്‍ ഇന്നും തുടരുന്നു. തന്റെ രചനകളുടെ മുഖ്യ ഇതിവൃത്തം മുസ്‌ലിംലീഗും അതിന്റെ ആദ്യകാല നേതാക്കളുമാകാന്‍ ഈ ചരിത്രമന്വേഷിച്ചുള്ള യാത്രകള്‍ കാരണമായിട്ടുണ്ട്. ജനകോടികളുടെ പടനായകന്‍, മുസ്‌ലിം ലീഗ് ചരിത്ര കഥകള്‍ (രണ്ട് ഭാഗം), മുസ്‌ലിം ലീഗും കുരിക്കള്‍ കുടുംബവും, മുസ്‌ലിം ലീഗ് ഉത്തരകേരളത്തില്‍, മുസ്‌ലിം യൂത്ത് ലീഗ് ചരിത്ര പഥങ്ങളില്‍, പൂക്കോട്ടൂര്‍ സ്മൃതികള്‍, എം.എസ്.എഫ് പിന്നിട്ട പാതകള്‍, മുസ്‌ലിം ലീഗ് നേതാക്കളുടെ മൊഴിമുത്തുകള്‍…തുടങ്ങിയ തന്റെ കൃതികളുടെ ശീര്‍ഷകങ്ങള്‍ വിളിച്ചുപറയും പോലെത്തന്നെ, മുസ്‌ലിം ലീഗിന്റെ ഐതിഹാസിക ചരിത്രങ്ങളാണ് ഓരോ ഗ്രന്ഥത്തിലും ഈ മതാധ്യാപകന്‍ കുറിച്ചുവയ്ക്കുന്നത്.
സയ്യിദുമാരുടെയും സൂഫികളുടെയും നേതൃത്വവും അവരുടെ ദര്‍ശനങ്ങളുമാണ് മുസ്‌ലിംലീഗിന്റെ വളര്‍ച്ചയ്ക്കും ഉന്നതിക്കും നിദാനമായതെന്നു തുറന്നുപറയുന്നുണ്ട് ഓരോ കൃതിയും. ബാഫഖി തങ്ങളും പാണക്കാട് സയ്യിദുമാരും ആത്മീയ നേതൃത്വം നല്‍കിയതു കൊണ്ടുമാത്രമാണ് ലീഗിനു വളര്‍ച്ചയുണ്ടായതെന്ന സത്യം തുറന്നുപറയുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ യഥാര്‍ഥ ചരിത്രമെഴുത്തിനു ജീവിതം മാറ്റിവയ്ക്കാന്‍ തന്റെ മദ്‌റസാ സേവനം പോലും നിറുത്തിവയ്ക്കുകയായിരുന്നു ഈ ചരിത്രാന്വേഷി.
പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തി എഴുതുന്നതിനു പകരം ചരിത്ര സംഭവ സാക്ഷ്യങ്ങള്‍ നേരില്‍കണ്ടു സമാഹരിക്കുന്ന അദ്ദേഹത്തിന്റെ സാഹസിക ചരിത്രാന്വേഷണം കൂടുതല്‍ ആധികാരികവും വ്യത്യസ്തവുമാണ്. ഈ അന്വേഷണ യാത്രയ്ക്കു പ്രചോദനവും സഹായവുമായ പലരേയും നന്ദിയോടെ ഓര്‍ക്കുന്നുണ്ട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍. കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയറിന്റെ ഡയരക്ടര്‍ പി.എ റശീദിനെയാണ് ഇതില്‍ അദ്ദേഹത്തിനു പ്രത്യേകം എടുത്തു പറയാനുള്ളത്. പഴയകാല മുസ്‌ലിം ലീഗ് നേതാക്കള്‍ മുതല്‍ അടുത്ത ബന്ധമുള്ള മുസ്‌ലിയാരുടെ ഇഷ്ടനേതാവ് ഖാഇദേ മില്ലത്ത് ഇസ്മാഈല്‍ സാഹിബാണ്. അദ്ദേഹത്തിന്റെ അപൂര്‍വമായൊരു ഫോട്ടോ മുസ്‌ലിയാര്‍ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. പ്രമുഖ സ്വാതന്ത്ര്യ സമര നായകനായ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ ചരിത്രാന്വേഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. പണിപ്പുരയിലൊരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ഗ്രന്ഥവും മറ്റു കൃതികളെപ്പോലെ വ്യതിരിക്തവും ആധികാരികവും മികവുറ്റതുമാകുമെന്നുറപ്പ്.
മുഹമ്മദ് തടപ്പറമ്പ്
ഫോട്ടോ: പി.പി അഫ്താബ്
സുപ്രഭാതം ദിനപത്രം




Posted in:
0 comments:
Post a Comment