ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് കേരളം നല്‍കിയ സമ്മാനമാണ് മതഭക്തനും ആദര്‍ശധീരനുമായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്.
മഹാത്മാഗാന്ധി പഴയ മദിരാശിയില്‍ വെച്ച് അബ്ദുറഹ്മാന്‍ സാഹിബിന്റെ വിയോഗവിവരമറിഞ്ഞ് പ്രതികരിച്ചതിങ്ങനെയാണ് ''മഹാകഷ്ടമായിപ്പോയി, മഹാകഷ്ടമായിപ്പോയി, ഒരു വലിയ സമരസേനാനിയായിരുന്നു അബ്ദുറഹ്മാന്‍''. വിജയിച്ച സമരങ്ങളുടെ പേരിലല്ല, മഹത്തായ പരാജയങ്ങളുടെ പേരിലാണ് അദ്ദേഹം ചരിത്രപുരുഷനായത്. അതാണ് നെഹ്‌റു അനുസ്മരിച്ചത് . 1898 ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ച് 18 ാം വയസില്‍ വാണിയമ്പാടിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ മുസ്‌ലിം സമ്മേളനത്തിന്റെ വളണ്ടിയര്‍ തലവനായിക്കൊണ്ടാണ് അദ്ദേഹം ദേശീയരാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അവിടെ പ്രവര്‍ത്തിക്കുന്ന മദ്രസാ ഇസ്‌ലാമിയ്യയിലെ ഏറ്റവും അടിയുറച്ച മതവിശ്വാസി എന്ന ഖ്യാതി അതിനുംമുമ്പേ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
യൗവ്വനാരംഭത്തില്‍ ഐ.സി.എസ്. നേടാനുള്ള മോഹം വലിച്ചെറിഞ്ഞ് മുസ്‌ലിം നവോഥാനത്തിന്റെ തീക്ഷ്ണവികാരങ്ങളുമായി കലാലയം വിട്ടിറങ്ങിയ ആ ബ്രിട്ടീഷ് വിരോധി മികച്ച സംഘാടകത്വവും ആവേശദായകമായ പ്രസംഗവും ആകര്‍ഷകമായ വ്യക്തിപ്രഭാവവും ഉള്‍ച്ചേര്‍ന്ന ഒരപൂര്‍വ ചേരുവയായിരുന്നു. അലിഗറിലെ ജാമിഅഃമില്ലിയ്യയില്‍ പഠിക്കുന്ന കാലത്ത് ഒഴിവ് സമയങ്ങളില്‍ നാട്ടില്‍വന്ന് കൊച്ചിന്‍ മുസ്‌ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി രൂപീകരിച്ച അബ്ദുറഹ്മാന്‍ അന്നത്തെ എറണാകുളം ദിവാനെ നേരിട്ടുകണ്ട് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. തന്റെ ഓഫിസില്‍വെച്ച് സ്ഫുടമായി ഇംഗ്ലീഷില്‍ സംസാരിച്ച 20 വയസുകാരനായ പയ്യന്റെ ഭാവിസാധ്യത ദീര്‍ഘദര്‍ശനംചെയ്ത ദിവാന്‍ ചര്‍ച്ചകള്‍ കൂടാതെ നേരിട്ട് ആവശ്യം പരിഗണിക്കുകയായിരുന്നു.
ഖിലാഫത്ത് നേതാവ് മൗലാനാ മുഹമ്മദലി അലിഗറിലെ തന്റെ ശിഷ്യനായ മുഹമ്മദ് അബ്ദുറഹ്മാനെ ഖിലാഫത്ത് ചുമതലയേല്‍പ്പിച്ച് നാട്ടിലേക്കയക്കുകയായിരുന്നു. അങ്ങനെ ചരിത്രം പഠിക്കാന്‍ കലാലയം കയറിയ വിദ്യാര്‍ഥി ചരിത്രം രചിക്കാന്‍ അടര്‍ക്കളത്തിലിറങ്ങുമ്പോള്‍ പ്രായം വെറും 23. താമസിയാതെ അദ്ദേഹം മലബാര്‍ ഖിലാഫത്ത് സമിതിയുടെ സെക്രട്ടറിയായി.
ഗാന്ധിജി, നെഹ്‌റു, സുഭാഷ്ചന്ദ്രബോസ് തുടങ്ങിയ തന്റെ ദേശീയ സഹപ്രവര്‍ത്തകരേക്കാള്‍ ആലോചനകളില്‍ സമഗ്രത സാഹിബിനായിരുന്നുവെന്ന് ധാരാളംപേര്‍ നിരീക്ഷിച്ചിട്ടുണ്ട്. കെ.പി.സി.സിയില്‍ മുഹമ്മദ് അബ്ദുറഹ്മാനുമായി ഒന്നിച്ച് പ്രവര്‍ത്തിച്ച നാളുകളില്‍ താന്‍ ഒരുപാട് ആത്മപ്രചോദിതനായിരുന്നുവെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് കുറിച്ചിട്ടുണ്ട്.
കലര്‍പ്പില്ലാത്ത 'തഖ്‌വ'യായിരുന്നു അബ്ദുറഹ്മാന്‍ സാഹിബിന്റെ ഉള്‍ക്കരുത്ത്. തിരക്കുകളുടെ പ്രവാഹത്തിലും നിഷ്ഠകള്‍ നിലനിര്‍ത്തിയും ആരാധനകള്‍ നിര്‍വഹിക്കാന്‍ അനുയായികളോട് ശക്തമായ ഭാഷയില്‍ കല്‍പ്പിച്ചും (കേവലം പ്രേരിപ്പിക്കുകയായിരുന്നില്ല) അദ്ദേഹം മാതൃകയായി. ജയപരാജയങ്ങളെല്ലാം അല്ലാഹുവിലേക്ക് പരസ്യമായി മടക്കാന്‍ ആ വിധിവിശ്വാസിക്ക് തന്റെ മതേതര-ദേശീയവാദം തടസമായില്ല.
കുടുംബ സ്വത്തുവഹകള്‍ വിറ്റും ബര്‍മയടക്കമുള്ള നാടുകളില്‍നിന്ന് നേരിട്ട് പണം പിരിച്ചും നടത്തിയ 'അല്‍ അമീന്‍' പത്രം കെട്ടിലുംമട്ടിലും ഒരു മതപക്ഷ ദിനപത്രമായിരുന്നു. അതിന്റെ മുദ്രാവചനമായിരുന്നു ''സത്യവിശ്വാസികളേ, നിങ്ങള്‍ നീതിപാലിച്ച് അല്ലാഹുവിന് സാക്ഷ്യം വഹിക്കുന്നവരായിരിപ്പിന്‍, അത് നിങ്ങളുടെ ബന്ധുക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ നിങ്ങള്‍ക്ക് തന്നെയോ എതിരായിരുന്നാല്‍പോലും'' എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം. തന്റെ മനോഭാവത്തിന്റെ അക്ഷരസാക്ഷ്യമായിരുന്നു അല്‍ അമീന്‍ പത്രം.
അല്‍ അമീന്‍ പത്രത്തില്‍ 'പന്തിരീപന്ത്രണ്ട് 'എന്ന ശീര്‍ഷകത്തില്‍ വരുന്ന മുഖപ്രസംഗങ്ങള്‍ വായിക്കാന്‍ അനുകൂലികളും പ്രതികൂലികളും കാത്തിരുന്നുവെന്ന് ചുരുക്കം. പലപ്രാവശ്യം പ്രകോപിതരായ ബ്രിട്ടീഷുകാര്‍ ഓഫിസ് മുദ്രവെച്ച് പൂട്ടിയെങ്കിലും സാഹിബിന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ എല്ലാം തകര്‍ന്നു. അക്കാലത്ത് സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്ന രണ്ട് പത്രമേ മലയാളത്തിലു ണ്ടായിരുന്നുള്ളൂ, മാതൃഭൂമിയും അല്‍ അമീനും. ബാക്കി ആറ് മലയാളപത്രങ്ങള്‍ പല കാരണങ്ങളാല്‍ നിസംഗത പ്രകടിപ്പിക്കുകയായിരുന്നു.
29-07-1930 ന് എഴുതിയ മുഖപ്രസംഗമാണ് അദ്ദേഹത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍വാസത്തിലെത്തിച്ചത്. അദ്ദേഹത്തിന്റെ ജയില്‍വാസം അഞ്ചുവര്‍ഷം പൂര്‍ത്തിയാവുന്ന ദിനം, 'അബ്ദുറഹ്മാന്‍ ദിനം' ആയി ദേശീയവാദികള്‍ ആചരിച്ചു. ഏറെ ആത്മപ്രചോദനവും ആന്തരികശക്തിയും വെളിപ്പെട്ടിരുന്ന എഴുത്തായിരുന്നു അത്. 'ഗവണ്‍മെന്റും പത്രങ്ങളും' എന്ന ശീര്‍ഷകത്തിനുതാഴെ സാഹിബ് ഇങ്ങനെയെഴുതി, ''നിങ്ങള്‍ക്ക് ദോഷമാണെങ്കില്‍ പോലും സത്യമേ പറയാവൂ എന്നാണ് പ്രവാചകന്‍ (സ്വ) അനുശാസിച്ചിട്ടുള്ളത്.
എന്നാല്‍ ഇന്നത്തെ കേരളീയ പരിതസ്ഥിതിയില്‍ പ്രവാചകവചനമനുസരിച്ച് ഒരു പത്രം നടത്തിപ്പോവുക പ്രയാസകരമായി തോന്നുന്നു. അഭിപ്രായ പ്രകടനത്തില്‍ മറച്ചുവെയ്ക്കുന്നവര്‍ ചെകിടനായ ചെകുത്താനാണെന്നും പ്രവാചകന്‍ (സ്വ) അരുളിയിട്ടുണ്ട്. റസൂല്‍ തിരുമേനിയുടെ പ്രസ്തുതവചനം ഗൗരവപൂര്‍വം മനസിലുറപ്പിച്ചുകൊണ്ട് തന്നെയാണ് അല്‍ അമീന്‍ ഇന്നോളവും നിലനിന്നുപോന്നത്. പക്ഷെ അല്‍ അമീനെ ചെകിടനായ ചെകുത്താക്കാനാക്കാനാണ് ചില തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരവസ്ഥ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതമാവുകയാണെങ്കില്‍ ഭരണാധികാരികളുടെ എത്ര മൂര്‍ച്ചയേറിയ ആയുധത്തിനും സസന്തോഷം കഴുത്തുകാണിച്ചു കൊടുക്കുകയല്ലാതെ ഒരൊറ്റ നിമിഷം കൂടുതല്‍ ജീവിക്കുവാന്‍ അല്‍ അമീന്‍ ആഗ്രഹിക്കുകയില്ല.''
എന്നും ജനങ്ങള്‍ക്കൊപ്പം ജീവിച്ച സാഹിബിന് മൂന്നവര്‍ഷം പോലും ദാമ്പത്യജീവിതം വിധിച്ചിരുന്നില്ല. 1926 മെയ് 26 ന് കുഞ്ഞുബീപാത്തുവിനെ വരിച്ച സാഹിബില്‍ നിന്നും 1929 ഏപ്രില്‍ 29ന് മരണം വസൂരിയുടെ രൂപത്തില്‍വന്ന് അവരെ സാഹിബില്‍ നിന്നും അടര്‍ത്തിയെടുത്തു. 31 ാം വയസില്‍ വിഭാര്യനായ ഈ ത്യാഗിയെ പുനഃവിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഡയറിയെഴു തിയിരുന്ന സാഹിബിന്റെ അന്നത്തെ കുറിപ്പുകള്‍ ഇങ്ങനെ വായിക്കാം ''കഷ്ടം, കരുണാനിധിയായ അല്ലാഹു അവന്റെ ജ്ഞാനത്തില്‍ എന്റെ പ്രിയതമയെ ബലമായി വേര്‍പ്പെടുത്തിയത് ഉചിതമാണെന്ന് കരുതുന്നു. ഇന്നുച്ചയ്ക്ക് 12 മണിക്ക് അവള്‍ പോയി, രാത്രി 10 മണിക്ക് കല്ലായില്‍ ഖബറടക്കി. പരമ കാരുണികനായ അല്ലാഹുവേ, അവളുടെ ആത്മാവിന് മാപ്പ് നല്‍കേണമേ... സ്വര്‍ഗത്തില്‍ ഞങ്ങളെ ഒരുമിച്ചുചേര്‍ക്കുകയും ചെയ്യേണമേ....'' ഭാര്യയുടെ ജനാസയുമേന്തി പന്നിയങ്കര ഖബര്‍സ്ഥാനിലേക്ക് നടന്നുപോയ മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന ഉരുക്കുമനുഷ്യന്‍ ജനമധ്യേവെച്ച് അന്ന് ആദ്യമായും അവസാനമായും പൊട്ടിക്കരഞ്ഞു എന്ന് ചരിത്രം രേഖപ്പെടുത്തി. പത്‌നീവിയോഗം സംഭവിച്ചത് വ്യാഴാഴ്ചയായതിനാല്‍, പിന്നീട് മരണംവരെ സാഹിബ് വ്യാഴാഴ്ച സുന്നത് നോമ്പ് നോറ്റിരുന്നു. ജയിലില്‍ വെച്ചുപോലും അദ്ദേഹം നോമ്പ്, നമസ്‌കാരം, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയ്ക്ക് ഭംഗംവരാതിരിക്കാന്‍ അതീവ ശ്രദ്ധാലുവായിരുന്നു.
അദ്ദേഹത്തിന്റെ സമരപരമ്പരകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു മമ്പുറം പ്രക്ഷോഭം. മുസ്‌ലിംകള്‍ ഏറെ ബഹുമാനിച്ചിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളും അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിനെ ഇസ്‌ലാമിന്റെ ശത്രുവായിട്ടാണ് കരുതിയത്. ഇതറിയാമായിരുന്ന ബ്രിട്ടീഷ് ഭരണകൂടം ഹജ്ജിന് പോയ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ അനുവദിച്ചില്ല. മാത്രമല്ല മമ്പുറം ജാറവും സയ്യിദ് ഫസല്‍ കുടുംബത്തിന്റെ വമ്പിച്ച സ്വത്തുക്കളും ബ്രിട്ടീഷ് സാമ്രാജ്യത്വ ഭക്തന്മാരായ കോഴിക്കോട്ടെ ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയ തങ്ങളുടെ കുടുംബത്തെ ഏല്‍പ്പിക്കുകയും ചെയ്തു.
ആയിടെ ഹജ്ജിന് പോയ അബ്ദുറഹ്മാന്‍ സാഹിബ് സയ്യിദ് ഫസല്‍ കുടുംബവുമായി ബന്ധപ്പെടുകയും അവരെ മലബാറില്‍ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി പ്രക്ഷോഭം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. 1933 ജനുവരി 16 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ അദ്ദേഹം ഒരു പൊതുയോഗം വിളിച്ചുകൂട്ടുകയും 'മമ്പുറം റിസ്റ്റോറേഷന്‍ കമ്മിറ്റി' രൂപീകരിക്കുകയും ചെയ്തു. മലബാറിലുടനീളം വിശദീകരണ യോഗങ്ങള്‍ നടന്നു. സാഹിബ് പ്രശ്‌നത്തിലെ മനുഷ്യാവകാശവശവും ചരിത്രപ്രാധാന്യവും ഊന്നിക്കൊണ്ട് അല്‍ അമീനിലും ദേശീയപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതി. മതമായാലും രാഷ്ട്രീയമായാലും നൈതികതയാണ് മുഖ്യം എന്ന് സാഹിബ് കണ്ടെത്തിയിരുന്നു.
1945 സെപ്തംബര്‍ അഞ്ചിന് അദ്ദേഹം അവസാനമായി ജയില്‍മോചിതനായി. പിന്നീട് 11 ആഴ്ചകള്‍ മാത്രമാണ് അദ്ദേഹം ജീവിച്ചതെങ്കിലും അണയുന്ന ദീപത്തിന്റെ അന്ത്യജ്വാലകള്‍ ഒരു പുരുഷായുസിനേക്കാള്‍ സമ്പന്നമായിരുന്നു. അക്കാലയളവില്‍ മാത്രം അനാരോഗ്യം വകവെയ്ക്കാതെ അദ്ദേഹം 300 ലധികം പ്രഭാഷണങ്ങള്‍ നടത്തി.
എത്ര ആവേശകരമായ പ്രഭാഷണമായാലും സമീപത്തെ മസ്ജിദില്‍നിന്ന് വാങ്ക് മുഴങ്ങിയാല്‍ പ്രസംഗം നിര്‍ത്തി ജുമാ അത്തായി നമസ്‌ക്കരിച്ച് പ്രഭാഷണം പുനരാരംഭിച്ച മാതൃകാപുരുഷനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മരണത്തിന് അടുത്ത ദിവസം മാങ്കാവില്‍ ആയിരങ്ങള്‍ പങ്കെടുത്ത പരിപാടിക്കുമധ്യേ അദ്ദേഹം ഇപ്രകാരം മഗ്രിബിന് മസ്ജിദിലേക്ക് നീങ്ങി. ആയുധധാരികളായ പലരും ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടെന്ന് വിവിരം കിട്ടിയതിനാല്‍ വേദി അദ്ദേഹത്തിനെ വിലക്കി. പക്ഷെ കൂസലന്യേ ജമാഅത്തായി നമസ്‌കരിച്ച് മടങ്ങിവന്നു. ശേഷം അദ്ദേഹം നെഞ്ചുവിരിച്ച് പ്രസംഗിച്ചുകൊണ്ട് പറഞ്ഞു.''പള്ളിയില്‍വെച്ച് തലയെടുക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ, റസൂല്‍ തിരുമേനി (സ്വ)യുടെ പല സഖാക്കളും പള്ളിയില്‍വെച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ ആര് വിചാരിച്ചാലും എന്റെ തലയെടുക്കാനാവില്ല, അല്ലാഹു വിചാരിക്കുക തന്നെ വേണം.
ഇനി അല്ലാഹു മുഹമ്മദ് അബ്ദുറഹ്മാന്റെ തലയെടുക്കണമെന്ന് കരുതിയാലോ, എനിക്കോ ഇവിടെ കൂടിയിരിക്കുന്ന ഒരാള്‍ക്കുപോലുമോ എന്റെ ഉടലില്‍ തല അവശേഷിപ്പിക്കാന്‍ കഴിയില്ല''. ആര്‍ക്കെങ്കിലും എന്റെ തലയറുക്കണമെങ്കില്‍ ഞാനവരെ സ്വാഗതം ചെയ്യുന്നുവെന്നുപറഞ്ഞ് കുറച്ചുസമയം തലതാഴ്ത്തി കുനിഞ്ഞുനിന്ന ശേഷമാണ് അദ്ദേഹം അന്ന് പ്രസംഗം അവസാനിപ്പിച്ചത്. അദ്ദേഹം തലയുയര്‍ത്തുമ്പോള്‍ അറ്റം കാണാത്ത ആള്‍ക്കൂട്ടം വിതുമ്പുകയായിരുന്നു.
പക്ഷെ സ്‌തോഭരഹിതനായി ശിരോഗരിമയോടെ സാഹിബ് പുഞ്ചിരിച്ചു. ഈ സംഭവമുദ്ധരിച്ചുകൊണ്ട് അന്നത്തെ മാതൃഭൂമി പത്രാധിപര്‍ കെ.പി കേശവമേനോന്‍ പത്രത്തില്‍ എഴുതി, ''പ്രഥമദൃഷ്ടിയില്‍ തന്നെ മറ്റുള്ളവരില്‍ തനിക്കനുകൂലമായ അഭിപ്രായമുണ്ടാക്കിയ ജനനേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍.''
നവംബര്‍ 23 ന് രാത്രി ചേന്ദമംഗലൂരില്‍ നിന്ന് മണാശേരിയിലേക്ക് നടക്കവേ അത് സംഭവിച്ചു, ''അല്ലാഹ്...'' എന്ന് അത്യുച്ചത്തില്‍ വിളിച്ച് ആ വലിയ മനുഷ്യന്‍ നിലംപതിച്ചു.
ശുഐബുല്‍ ഹൈതമി




Posted in:
0 comments:
Post a Comment