മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്ക് പ്രിയങ്കരനായൊരു ശിഷ്യനുണ്ടായിരുന്നു മാറഞ്ചേരിക്കാരന്‍ മരയ്‌ക്കാര്‍ മുസ്‌ലിയാര്‍. പ്രഭാഷകനും കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ മുസ്‌ലിയാരുടെ ഭാര്യ ഉമ്മത്തി ഉമ്മയും സാമൂഹ്യ പരിഷ്‌കരണ രംഗങ്ങളില്‍ സജീവം. വസൂരി പിടിപെട്ടവരെ തേടിച്ചെന്ന് ശുശ്രൂഷിക്കുന്നതില്‍ ആ ധീരവനിത ശ്രദ്ധിച്ചു. ഈ രണ്ടുപേരുടെയും മകനായാണ് 1891ല്‍ ഇ മൊയ്‌തു മൗലവി ജനിച്ചത്. ഓത്തുപള്ളിയിലെ പാരമ്പര്യരീതികളെ ചോദ്യംചെയ്‌ത് പരിഷ്‌കരണത്തിന് തുടക്കമിട്ട മരയ്‌ക്കാര്‍ മുസ്‌ലിയാര്‍ക്കും, മുസ്‌ലിം സ്‌ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രചാരണം നടത്താനിറങ്ങിയ ഉമ്മത്തിയുമ്മയ്‌ക്കും ഇങ്ങനെയൊരു മകന്‍ പിറന്നതില്‍ അത്ഭുതമില്ല. പോരാട്ടത്തിന്റെ മുള്‍വഴികളിലൂടെ കടന്നുകയറിയ ആ പുത്രന്‍, നൂറ്റാണ്ടു നീണ്ട ആയുഷ്‌കാലം കൊണ്ട് സമരതീക്ഷ്‌ണമായ മാതൃകാജീവിതം ബാക്കിയാക്കി കടന്നുപോയി. 1891ല്‍ തുടങ്ങി 1995 ജൂണ്‍ എട്ടിന് അവസാനിച്ച ഇ മൊയ്‌തുമൗലവിയുടെ ജീവിതം, മത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും അറകളിലള്ളിപ്പിടിച്ച കേടുകളെല്ലാം കൊത്തിക്കളയാനുള്ളതായിരുന്നു.
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ആരംഭവാഹകരായ രണ്ടു മഹാപണ്ഡിതന്മാരുടെ ശിഷ്യത്വമാണ് ഇ മൊയ്‌തു മൗലവിയിലെ സമരജ്വാലക്ക് തീ കൊടുത്തത്. ശൈഖ് ഹമദാനി തങ്ങളും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും. വാഴക്കാട് ദര്‍സില്‍ നിന്ന് മികച്ചൊരു പണ്ഡിതനായി പുറത്തിറങ്ങിയ മൊയ്‌തു മൗലവിയെ, സ്വാതന്ത്ര്യസമരാങ്കണത്തലേക്ക് കൈ പിടിച്ചത് ജ്യേഷ്‌ഠന്‍ അബ്‌ദുവായിരുന്നു. സാമൂഹ്യാംഗീകാരം വേണ്ടുവോളം ലഭിക്കുമായിരുന്ന മതാധ്യാപന രംഗത്തുനിന്ന്, ദുരന്തമേഘങ്ങള്‍ തിങ്ങിനിന്ന രാഷ്‌ട്രീയത്തിലേക്കുള്ള ആ വഴിമാറല്‍ പിന്നീടൊരു ചരിത്ര നിയോഗമായിത്തീര്‍ന്നു. ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വൈസ്രോയിയും മുസ്‌ലിംകള്‍ക്ക് നല്‌കിയ വാഗ്‌ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയ കാലമായിരുന്നു അത്. മുസ്‌ലിംകളെ ബ്രിട്ടീഷുകാരും പോരാട്ടത്തിലായി. മാര്‍ഷല്‍ ലോ പരിധിയില്‍ പെട്ട പ്രദേശങ്ങളില്‍ പട്ടാളക്കാര്‍ നരനായാട്ടു നടത്തി. പള്ളിയില്‍ ഓതുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും പിടിച്ചുകെട്ടി.
മൊയ്‌തു മൗലവിയെ പിടിക്കാന്‍ വീട്ടിലെത്തിയ സൈന്യം വയോവൃദ്ധനായ ഉപ്പയെയും കുട്ടികളെയും പിടിച്ച് സബ്‌ജയിലിലടച്ചു. വീട്ടില്‍ കയറി ഉപകരണങ്ങള്‍ നശിപ്പിച്ചു. ആഭരണങ്ങള്‍ കൊള്ളയടിച്ചു. പിതാവിന്റെ മോതിരവും കത്തിയും ഊന്നുവടിയും കൈയിലാക്കി. അതുകൊണ്ടൊന്നും ചോരുന്ന സ്ഥൈര്യമായിരുന്നില്ല ആ പിതാവിന്റേത്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ മകനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ആ മകന്റെ നിലപാടുകള്‍ക്കു കൂടി ഊര്‍ജമേകുന്നതായിരുന്നു: “മൊയ്‌തു എന്നൊരു മകനെ ഞാന്‍ ജനിപ്പിച്ചിട്ടുണ്ട്. അതൊരു കുറ്റമാണെങ്കില്‍ ആ കുറ്റം ഞാന്‍ ഏറ്റുവാങ്ങാം. അവനിപ്പോള്‍ സഞ്ചരിക്കുന്ന വഴി കുഴപ്പം പിടിച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല!”
1921ലെ സംഭവത്തെ കറകളഞ്ഞ സ്വാതന്ത്ര്യ സമരമെന്നാണ്‌് മൊയ്‌തു മൗലവി വിശേഷിപ്പിച്ചത്. മാപ്പിള ലഹളയന്നും കര്‍ഷക ലഹളയെന്നും ഖിലാഫത്ത് പ്രക്ഷോഭമെന്നു തുടങ്ങിയ നിരൂപണങ്ങളെയൊന്നും മൗലവി അംഗീകരിച്ചിരുന്നില്ല. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയായിരുന്നു 1921ലെ സംഭവമെന്ന് മൗലവി എഴുതി. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി രൂപം നല്‌കിയ മജ്‌ലിസുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി മൊയ്‌തു മൗലവിയായിരുന്നു. പുതുപൊന്നാനിയില്‍ നടന്ന മജ്‌ലിസുല്‍ ഉലമാ സമ്മേളനത്തോടെയാണ് മൊയ്‌തു മൗലവി പ്രഭാഷണ രംഗത്ത് ശ്രദ്ധേയനായത്.
പ്രാഥമിക പഠനത്തിനു ശേഷം വടുതലയില്‍ ഉപരിപഠനം നടത്തുമ്പോഴാണ് ശൈഖ് ഹമദാനി തങ്ങള്‍ മൊയ്‌തു മൗലവിക്ക് നവോത്ഥാനാശയങ്ങള്‍ പകര്‍ന്നത്. ചാലിലകത്തിന്റെ ഗുരുത്വം അതിന് ഊക്കുപകര്‍ന്നു. സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങളുമായും മികച്ച ബന്ധം പുലര്‍ത്തി. വക്കം മൗലവിയുടെ അല്‍ഇസ്‌ലാം മൊയ്‌തു മൗലവിക്ക് പടവാളായിരുന്നു. അതില്‍ തന്നെയാണ് മൗലവിയുടെ ആദ്യലേഖനം പ്രസിദ്ധീകരിച്ചതും. `മലയാളത്തിലെ തങ്ങന്മാരും മുസ്‌ലിയാക്കന്മാരും’ എന്ന ആദ്യ ലേഖനം തന്നെ പാരമ്പര്യ മനസ്സില്‍ കോളിളക്കം സൃഷ്‌ടിച്ചു. കെ എം മൗലവിയും ഇ കെ മൗലവിയും പി കെ മൂസാ മൗലവിയുമായിരുന്നു മൊയ്‌തു മൗലവിയുടെ കരുത്തായ സൗഹൃദം. വാഴക്കുളത്തും നല്ലളത്തും വളപട്ടണത്തും വെളിയങ്കോട്ടും മൊയ്‌തു മൗലവി നവോത്ഥാന ശ്രമങ്ങളുടെ വിത്തുപാകി. പെന്‍സിലും ഫൗണ്ടന്‍ പേനയും കറുത്ത ബോര്‍ഡും കടലാസും ദര്‍സില്‍ കൊണ്ടുവന്നത് എതിര്‍പ്പിനു കാരണമായി. ചാലിലകത്തിന്റെ ശിഷ്യന് അതൊന്നും ഏറ്റില്ല. 1924ല്‍ പൊന്നാനി മഊനതുല്‍ ഇസ്‌ലാം സഭയുടെ സമ്മേളനത്തിലെ അനുഭവം മൗലവി എഴുതി: “മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും സീതിസാഹിബും അല്‍അമീന്‍ പത്രാധിപര്‍ എ മുഹമ്മദ് കണ്ണും സമ്മേളനത്തില്‍ പങ്കെടുത്തു. റിട്ട. ഡെപ്യൂട്ടി കലക്‌ടര്‍ അബു സാഹിബായിരുന്നു അധ്യക്ഷന്‍. രാത്രി, മുസ്‌ലിംകള്‍ക്കിടയിലെ അറബി പഠനരീതി കാലോചിതമായി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആലോചിക്കാന്‍ ഒരു പ്രത്യേക യോഗം ചേര്‍ന്നു. ഇ കെ മൗലവി അതേപ്പറ്റി പ്രസംഗിക്കുമ്പോള്‍ പൊന്നാനിയിലെ മുസ്‌ലിയാക്കന്മാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. പിന്നീട് പ്രസംഗിച്ചത് ഞാനായിരുന്നു. എന്റെ പ്രസംഗം വലിയ കോളിളക്കമുണ്ടാക്കി. കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞ പോലെ ജുമാമസ്‌ജിദിലെ അന്തേവാസികളായ മുസ്‌ലിയാക്കന്മാര്‍ കൂട്ടത്തോടെ ഇളകിവശായി. ഒരു വിധത്തില്‍ ഞങ്ങള്‍ രക്ഷപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഞാനും എന്റെ സ്‌നേഹിതനും ബന്ധുവുമായ സി സി മുഹമ്മദുണ്ണിയും തിരൂരിലേക്ക് പോകാന്‍ വഞ്ചി കയറി. ഞാന്‍ വന്ന വിവരം മണത്തറിഞ്ഞ് മുസ്‌ലിയാക്കന്മാര്‍ കൂട്ടത്തോടെ കനോലിത്തോടിന്റെ ഇരുകരയിലും വന്നു നിറഞ്ഞു. ആര്‍പ്പുവിളിയും കല്ലേറും തുടങ്ങി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അപകടങ്ങളില്ലാതെ ഞങ്ങള്‍ രക്ഷപ്പെട്ടു. `പൊന്നാനി മുസ്‌ലിയാര്‍മാരുടെ ശൈത്താനിളക്കം’ എന്നൊരു ലേഖനം ഇതുസംബന്ധിച്ച് ഞാന്‍ അല്‍അമീനില്‍ എഴുതുകയുണ്ടായി. പിന്നെ കുറേക്കാലം എനിക്ക് പൊന്നാനിയില്‍ പ്രവേശിക്കാന്‍ യാതൊരു നിവൃത്തിയുമുണ്ടായിരുന്നില്ല.”
മൗലാനാ ശിബ്‌ലി നുഅ്‌മാനി, അബുല്‍കലാം ആസാദ്, മൗലാനാ വഹ്‌യുദ്ദീന്‍ സലീം തുടങ്ങിയ ദേശീയ മുസ്‌ലിം നേതാക്കളുമായി മൗലവിക്ക് ഈടുറ്റ ബന്ധമുണ്ടായിരുന്നു. ആസാദിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലാഹോര്‍ സമ്മേളനപ്രമേയങ്ങളുടെ പ്രചാരകനായും മൗലവി അറിയപ്പെട്ടു. മൗലാനാ ഹുസൈന്‍ അഹമ്മദ് മദനിയുടെ അസീര്‍മാല്‍ട്ടാ എന്ന ഗ്രന്ഥം മൗലവിക്ക് പോരാട്ടവീറ് പകര്‍ന്നു.
വിപ്ലവമാലിക എന്ന ഗ്രന്ഥരചനയിലൂടെ മൗലവിയുടെ മതസമീപനങ്ങള്‍ തുറന്നു പ്രഖ്യാപിക്കപ്പെട്ടു. യാഥാസ്ഥിതികതയുടെ പുകമറയില്‍ നിന്ന് പുറത്തെത്താതെ പുരോഗതിയുടെ വെളിച്ചം നുകരാനാവില്ലെന്ന് മൗലവി എഴുതി. കാലത്തോട് പിന്തിരിഞ്ഞു നിന്ന്, പാരമ്പര്യത്തിന്റെ പേരു പറഞ്ഞുള്ള എല്ലാ മതനിലപാടുകളെയും അദ്ദേഹം എതിര്‍ത്തു. പരമ്പരാഗത നിലപാടു പുലര്‍ത്തിയവരുടെ ശത്രുവാകാന്‍ ഇതില്‍ പരം വേറൊന്നും വേണ്ടിയിരുന്നില്ല.
മതത്തിന്റെ രാഷ്‌ട്രീയവും രാഷ്‌ട്രീയത്തിലെ മതവും എന്നും തര്‍ക്കങ്ങള്‍ക്കുള്ള ഒന്നാന്തരം വിഷയമാണല്ലോ. മതത്തെയും രാഷ്‌ട്രീയത്തെയും സുന്ദരമായി സംലയിപ്പിച്ച ഇ മൊയ്‌തു മൗലവിയുടെ ജീവിതം ആ തര്‍ക്കങ്ങള്‍ക്കെല്ലാം മറുപടി പറയും. രാഷ്‌ട്രീയ ഭാഗ്യാന്വേഷണങ്ങള്‍ക്കുള്ള തുരുപ്പുവേലയായി മതത്തെയും, മതാധികാരത്തിലേക്കുള്ള ഉറച്ച ചുവടായി രാഷ്‌ട്രീയത്തെയും ചേരുംപടി ചേര്‍ക്കുന്ന പുതിയ കാലത്ത് മൊയ്‌തു മൗലവിയുടെ ചരിത്രം കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. മതത്തേയും രാഷ്‌ട്രീയത്തെയും ജീവിതോപാധിയാക്കാതെ, രണ്ടിലും തലയെടുപ്പോടെ നിവര്‍ന്നു നില്‌ക്കാന്‍ മൗലവിക്ക് സാധിച്ചു.
സയ്യിദ് ഹുസൈന്‍ അഹ്‌മദ് മദനിയും അബുല്‍കലാം ആസാദും മുഫ്‌തി കിഫായതുല്ലയും മൗലാനാ മുഹമ്മദലിയും ശൗഖത്തലിയും പ്രചോദനം നല്‌കി വളര്‍ത്തിയെടുത്ത മജ്‌ലിസുല്‍ ഉലമ, ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്‌ഠിതമായ കാഴ്‌ചപ്പാടിലൂടെ മുസ്‌ലിംസമൂഹത്തെ പൊതുസമൂഹവുമായി ബന്ധിപ്പിക്കാന്‍ പരിശ്രമിച്ചു. മജ്‌ലിസുല്‍ ഉലമായുടെ കേരള ശാഖയുടെ ജനറല്‍ സെക്രട്ടറിയാകാന്‍ മൊയ്‌തു മൗലവിയോളം തികവുള്ള മറ്റൊരാളില്ലായിരുന്നു. മദിരാശി ജമാലിയ്യാ അറബിക്കോളെജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലവി തങ്ങളായിരുന്നു പ്രസിഡന്റ്. വക്കം മൗലവി, ശൈഖ് ഹമദാനി തങ്ങള്‍, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, കെ എം മൗലവി, മൗലവി അറബി ഷംനാട് തുടങ്ങിയ പ്രഗത്ഭരെല്ലാം സംഘടനയുടെ സാരഥികളായിരുന്നു.
കേരള മുസ്‌ലിം ഐക്യസംഘമായിരുന്നു മൗലവിയുടെ മറ്റൊരു കര്‍മമേഖല. സംഘത്തിന്റെ നേതൃത്വവുമായി മൗലവി ഈടുറ്റ ബന്ധം പുലര്‍ത്തി. 1924 ല്‍ ആലുവയില്‍ നടന്ന സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാത്ത് അറബിക്കോളെജ് പ്രിന്‍സിപ്പല്‍ അബ്‌ദുല്‍ജബ്ബാര്‍ ഹദ്‌റത്തിന്റെ ഉറുദു പ്രഭാഷണം പരിഭാഷപ്പെടുത്തിയത് മൊയ്‌തു മൗലവിയായിരുന്നു. ആ പരിഭാഷയെ വക്കം മൗലവിയുടെ ദീപികയില്‍ ഏറെ അഭിനന്ദിക്കുകയും ചെയ്‌തു. മക്തിതങ്ങളുടെ നാല്‌പതോളം ഗ്രന്ഥങ്ങളും വക്കം മൗലവിയുടെ പത്രമാസികകളുമാണ് മൗലവിയെ നവോത്ഥാന ധാരയില്‍ സജീവമാക്കിയത്. മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ക്ക് മൊയ്‌തു മൗലവിയെഴുതിയ അവതാരികയില്‍ ആ കടപ്പാടിന്റെ സ്വരം നിറഞ്ഞുകിടപ്പുണ്ട്.
“…എനിക്ക് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും സമ്പര്‍ക്കം പുലര്‍ത്താനുള്ള സന്ദര്‍ഭം ലഭിച്ചില്ലെന്നത് ഖേദകരമാണ്. ഞാന്‍ കുട്ടിക്കാലത്ത് അരൂകുറ്റി വടുതലയില്‍ മുഹമ്മദ് മാഹീന്‍ ഹമദാനി ശൈഖ് അവര്‍കളുടെ സന്നിധിയില്‍ പഠിക്കുന്ന കാലത്ത് ആ വന്ദ്യാത്മാവിന്റെ പഠനാര്‍ഹമായ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. ഞാന്‍ ചെറുപ്പകാലത്ത് താല്‌പര്യപൂര്‍വം അദ്ദേഹത്തിന്റെ പല പുസ്‌തകങ്ങളും വായിച്ചിരുന്നു. മത-സാമൂഹിക-സാംസ്‌കാരിക- സാഹിത്യ മേഖലകളില്‍ കൊടുങ്കാറ്റ് സൃഷ്‌ടിച്ചിരുന്ന മക്തി തങ്ങള്‍ ഭൂജാതനായത് എന്റെ അടുത്ത പ്രദേശമായ വെളിയങ്കോട്ടാണ്. എന്നാല്‍ സാഹിത്യ സേവനം തുടര്‍ന്നതും മരണപ്പെട്ടതുമെല്ലാം കൊച്ചിയിലായിരുന്നു. ക്രൈസ്‌തവ പാതിരിമാരോടെന്ന പോലെ മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതിക മുസ്‌ലിയാക്കാന്മാരോടും അദ്ദേഹം പടപൊരുതി. ആ മഹാനായ പരിഷ്‌കര്‍ത്താവിന്റെ മരിക്കാത്തൊരു വാക്യം ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്: `അടുക്കള വിട്ട് പോയില്ല, അറിവുള്ളോരെ കണ്ടില്ല, അറിവുകളൊന്നും പഠിച്ചില്ല, ഫത്‌വക്കൊട്ടും മുട്ടില്ല.’ സമുദായമധ്യേ വ്യാപരിച്ചിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദൂരീകരിക്കാനും അറബിഭാഷാ പഠനരീതിയില്‍ ശാസ്‌ത്രീയമാറ്റം വരുത്താനും അറബി മലയാള ലിപി പരിഷ്‌കരിക്കാനും സ്‌ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും അവര്‍ അതീവയത്‌നം ചെയ്‌തിട്ടുണ്ട്.” (മക്തിതങ്ങളുടെ സമ്പൂര്‍ണ കൃതികള്‍; ജനുവരി 1981)
കെ എം മൗലവിയായിരുന്നു മൊയ്‌തു മൗലവിയുടെ ഉറ്റ സുഹൃത്തുക്കളിലൊരാള്‍. ഇരുവരും ചേര്‍ന്നാണ് അറബി മലയാളത്തിന് ആദ്യമായൊരു നിഘണ്ടു എഴുതിയത്. കനപ്പെട്ട ഒരു സംഭാവനയായിത്തീരുമായിരുന്ന ആ രചനയുടെ കയ്യെഴുത്തു പ്രതികള്‍ ബ്രിട്ടീഷുകാര്‍ നശിപ്പിച്ചു. മലബാര്‍ സമരത്തില്‍ മൊയ്‌തു മൗലവി സജീവമായ പങ്കുവഹിച്ചു. സമരനേതാക്കളോടൊപ്പം ചേര്‍ന്ന് സേനാനികളെ മതാധിഷ്‌ഠിതമായി പ്രചോദിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് മൊയ്‌തു മൗലവി കൂടുതല്‍ ശ്രദ്ധിച്ചത്. 1996ല്‍ പുറത്തിറങ്ങിയ വാഗണ്‍ ട്രാജഡി സ്‌മരണികയുടെ അവതാരികയില്‍ ആ കാലത്തെ സംതൃപ്‌ത മനസ്സോടെ അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.
1940 ല്‍ നുരുഞ്ഞുപൊന്തിയ വിഭജനവാദത്തിന്റെ എതിര്‍പക്ഷത്തായിരുന്നു മൊയ്‌തു മൗലവി. 1945 ഡിസംബറില്‍ മഹാത്മാഗാന്ധി മദിരാശിയിലെത്തിയപ്പോള്‍ കൂടിക്കാഴ്‌ചക്കുള്ള അനുമതി ലഭിച്ചതോടെ മൗലവി മദിരാശിയിലേക്ക് വണ്ടി കയറി. കെ പി നൂറുദ്ദീന്‍, കെ എ ഇബ്‌റാഹീം, കാടാങ്കണ്ടി മൊയ്‌തു, സി ഉമര്‍ ഹാജി എന്നിവരാണ് ഒപ്പം പോയത്. ഗാന്ധിജിയുടെ സായാഹ്ന പ്രാര്‍ഥനക്കു ശേഷമായിരുന്നു കൂടിക്കാഴ്‌ച. ജിന്നാസാഹിബുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന്റെ പശ്ചാത്തലം വ്യസനത്തോടെ ഗാന്ധിജി അറിയിച്ചു. തന്നെ ഇസ്‌ലാമിന്റെ ശത്രുവാക്കാനുള്ള ചിലരുടെ ശ്രമത്തില്‍ ഗാന്ധിജി അങ്ങേയറ്റം വിഷമിച്ച് സംസാരിച്ചു: “എന്റെ പ്രാര്‍ഥനയില്‍ എല്ലാ മതഗ്രന്ഥങ്ങളിലെ വാക്യങ്ങളും വായിക്കപ്പെടുന്നുണ്ട്. ഞാന്‍ ഇസ്‌ലാമിനെ ബഹുമാനിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ഒന്നിലേറെ തവണ വായിച്ചിട്ടുണ്ട്. എന്റെ കൂടെ ഒരു മൗലവിയുമുണ്ട്. അങ്ങനെയുള്ള ഞാനാണോ ഇസ്‌ലാമിന്റെ ശത്രു”വെന്ന് ഗാന്ധിജി ചോദിച്ചുവെന്ന് മൗലവിയുടെ ആത്മകഥയിലെഴുതുന്നു.
രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ള സാമുദായിക പാര്‍ട്ടികളെ മൗലവി വിമര്‍ശിച്ചു. മുസ്‌ലിം ലീഗിനോടുള്ള എതിര്‍പ്പും തുറന്നുപറയാന്‍ മടിച്ചില്ല. കോണ്‍ഗ്രസ്സിലെ ഭിന്നത രാജ്യത്തെയാണ് നശിപ്പിക്കുകയെന്നുമെഴുതി. മതാധിഷ്‌ഠിത രാഷ്‌ട്രീയത്തേക്കാള്‍ മത പ്രചോദിത രാഷ്‌ട്രീയത്തെയാണ് മൗലവി ഇഷ്‌ടപ്പെട്ടത്. ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യപ്രസ്ഥാനവും എന്ന മൗലവിയുടെ പുസ്‌തകം സ്വന്തം നിലപാടുകളുടെ നീതിശാസ്‌ത്രമവതരിപ്പിക്കുന്നുണ്ട്. ഈ ഗ്രന്ഥം വായിച്ചതോടെയാണ് മൗലവിയെക്കുറിച്ചുള്ള തെറ്റുധാരണകള്‍ ഇല്ലാതായതെന്ന് സി എച്ച് മുഹമ്മദുകോയ രേഖപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും മൊയ്‌തു മൗലവിയും തമ്മിലുള്ള ആത്മബന്ധം വലിയൊരു ചരിത്രമാണ്. ആത്മീയ മാനങ്ങളുള്ള ആത്മബന്ധമായിരുന്നു അത്. `എന്റെ കൂട്ടുകാരന്‍’, `എന്റെ ഉപദേഷ്‌ടാവ്’, `ധീരനേതാവ്’, `നിര്‍ഭയനായ പോരാളി’ ഇങ്ങനെയെല്ലാമാണ് സാഹിബിനെ മൗലവി വിശേഷിപ്പിക്കുന്നത്. സാഹിബില്‍ നിന്ന് പകര്‍ന്നു കിട്ടിയ വെളിച്ചമാണ് തന്റെ മാര്‍ഗദര്‍ശിയെന്നും ആവര്‍ത്തിച്ചു. പാര്‍ട്ടിയില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിട്ട കടുത്ത എതിര്‍പ്പുകളില്‍ സാഹിബിന്റെ കൈ പിടിക്കാന്‍ മൗലവിയുണ്ടായിരുന്നു. മൗലവി എഴുതുന്നു: “സാഹിബ് ഉയര്‍ന്ന പദവിയിലെത്തുന്നത് പാര്‍ട്ടി തടയിട്ടപ്പോള്‍ അദ്ദേഹം പാര്‍ട്ടി വിട്ടുപോയില്ല. പാര്‍ട്ടിക്കെതിരായി ഒരക്ഷരം പോലും ഉരിയാടിയില്ല. കെ പി സി സിയുടെ പ്രസിഡന്റ് പദവിയില്‍ വരെ എത്തിച്ചേര്‍ന്നത് അങ്ങനെയാണ്.” (മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍-സുവനീര്‍ 1978) വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആ കൂട്ടുകാര്‍ ഒരുമിച്ച് കഴിഞ്ഞു. തടവറയിലും പതറാത്ത സാഹിബിന്റെ മനോധൈര്യത്തെ മൗലവി ആശ്ചര്യാതിശയങ്ങളോടെ വിവരിക്കുന്നുണ്ട്. 1921ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതോടെയാണ് സാഹിബ് മൗലവിയെ പരിചയപ്പെട്ടതും, കോഴിക്കോട്ടേക്ക് കൂടെ പോന്നതും. ആ യാത്ര നിരവധി ചരിത്ര നിയോഗങ്ങളിലേക്കുള്ള ആദ്യ ചുവടായിത്തീര്‍ന്നു.
`ജിഹാദുല്‍ അക്‌ബര്‍’ എന്ന മുഖപ്രസംഗം വന്നതോടെ അധികാരികള്‍ അടച്ചുപൂട്ടിയ അല്‍അമീന്‍ സാഹിബിന്റെയും മൗലവിയുടെയും ജീവനായിരുന്നു. എന്റെ കൂട്ടുകാരന്‍ എന്നാണ് സാഹിബിനെക്കുറിച്ച അനുസ്‌മരണ ഗ്രന്ഥത്തിന് മൗലവി പേരിട്ടത്. എന്‍ പി അബുവായിരുന്നു മൗലവിയുടെ മറ്റൊരു ആത്മ സുഹൃത്ത്. `അറുപത്തിയാറു വര്‍ഷം എന്റെ സുഖദു:ഖങ്ങളില്‍ പങ്കാളി’യെന്നാണ് അബുസാഹിബിനെ മൗലവി വിശേഷിപ്പിച്ചത്. കെ മാധവന്‍ നായരോടും ഈടുറ്റ ബന്ധം പുലര്‍ത്തി.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന ധാരയോടൊപ്പം പുറത്തുനിന്നും അകത്തുനിന്നും തിരുത്തിയും പിന്തുണച്ചും മൗലവി കൂടെ നിന്നു. വാര്‍ധക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്നതിനിടയിലാണ് സലഫി പ്രസ്ഥാനം: ആദ്യ കാലചരിത്രം എന്ന ഗ്രന്ഥം മൗലവിയെഴുതിയത്.
ഉന്നത പഠനത്തിനു ശേഷം മതവിമര്‍ശകനായിത്തീര്‍ന്ന ഡോ. ഉസ്‌മാനെ മതവിശ്വാസത്തിലേക്ക് തിരിച്ചു നടത്താന്‍ പ്രേരണയായിത്തീര്‍ന്നത് മൊയ്‌തു മൗലവിയായിരുന്നു. തന്റെ അവസാന ഗ്രന്ഥത്തിന് ആമുഖമെഴുതാന്‍ മൗലവി തെരഞ്ഞെടുത്തതും ഡോ. ഉസ്‌മാനെയായിരുന്നു. അപ്പോഴേക്ക് മുസ്‌ലിം നവോത്ഥാന ധാരയുടെ സാരഥിയായിത്തീര്‍ന്നിരുന്നു ഡോ. ഉസ്‌മാന്‍. പത്ര്രപവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ പങ്കു നിര്‍വഹിച്ച മൗലവി സമൂഹജാഗരണത്തിന് കരുത്തുറ്റ പാഥേയമായി രചനാരംഗത്തെ കണ്ടു. ഉറുദു, അറബി, തമിഴ് ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നതിനാല്‍ അല്‍അമീനില്‍ ശ്രദ്ധേയമായ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചു. അബുല്‍കലാം ആസാദിന്റെ ഖിലാഫത്ത് ഔര്‍ ജസീറതുല്‍ അറബ് എന്ന വിഖ്യാത രചന മലയാളത്തിലേക്ക് കൊണ്ടുവന്നതും മൗലവി തന്നെ. അബ്‌ദുറഹ്‌മാന്‍ സാഹിബിനെ സമരജീവിതത്തിലേക്ക് തിരിച്ചുവിട്ട രചനയാണത്. അല്‍ഇസ്വ്‌ലാഹ് അറബി-മലയാള വാരികയുടെ പത്രാധിപരായും മാതൃഭൂമി വാര്‍ത്താവാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.
നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ സത്യപ്രബോധനം എന്ന ലഘുലേഖ എഴുതിയതോടെ അധികാരികളുടെ കണ്ണില്‍ മൊയ്‌തു മൗലവി കടുത്ത ശത്രുവായി. ലഘുലേഖ കണ്ടുകെട്ടുകയും മൗലവിയെ അറസ്‌റ്റു ചെയ്‌ത് കഠിനമായി ശിക്ഷിക്കുകയും ചെയ്‌തു. സ്‌ത്രീവിദ്യാഭ്യാസ പ്രചാരണത്തിനും അനാചാരങ്ങളെ എതിര്‍ക്കാനുമായി മുനമ്പം പള്ളിപ്പുറം പി കെ മൂസക്കുട്ടി ഹാജി പ്രസിദ്ധപ്പെടുത്തിയ രചനകളും പ്രചരിപ്പിച്ചത് മൊയ്‌തു മൗലവിയായിരുന്നു. മുറാദാബാദിലെ ഇശ്‌ഫാഖ് ഹുസൈന്റെ ഒരു ഗ്രന്ഥം രുധിരബാഷ്‌പം എന്ന പേരില്‍ വക്കം അബ്‌ദുല്‍ ഖാദറും മൊയ്‌തു മൗലവിയും ചേര്‍ന്ന് പരിഭാഷപ്പെടുത്തി.
ആത്മസമര്‍പ്പണത്തിന്റെ ധീരജീവിതമായിരുന്നു ഇ മൊയ്‌തു മൗലവിയുടേത്. തിരിച്ചറിഞ്ഞ സത്യത്തെ തുടിപ്പിച്ചു നിര്‍ത്താന്‍ അനുകൂല സാഹചര്യം വരുന്നതു വരെ കാത്തിരിക്കാന്‍ ആ കര്‍മയോഗിക്കു സമയമില്ലായിരുന്നു. എതിര്‍പ്പിന്റെ മുള്‍മുനയിലിരുന്ന് തീ പാറുന്ന പോരാട്ടങ്ങള്‍ക്ക് ചൂടുപകര്‍ന്നു. അധികാര സ്ഥാനങ്ങളെ പുറംകാലുകൊണ്ട് തെറിപ്പിച്ച്, മൊയ്‌തു മൗലവി കടന്നുപോയി; ചരിത്രത്തോടൊപ്പം സഞ്ചരിച്ചും ചരിത്രം സൃഷ്‌ടിച്ചും ചരിത്രം ബാക്കിയാക്കിയും.
പി എം എ ഗഫൂര്‍
പ്രബോധനം മാസിക

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment