പയ്യനാട്: വീര പുരുഷന്‍മാരുടെ ജന്മദേശം

ദേശസ്‌നേഹത്തിന്റെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും ഭൂമികയായാണ് പയ്യനാട് അറിയപ്പെടുന്നത്. ആലി മുസ്‌ലിയാരുടെയും വാരിയംകുന്നത്തിന്റെയും നിശ്വാസങ്ങള്‍ ഇന്നും മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത പയ്യനാട് ഗ്രാമത്തിലെ ഇടുങ്ങിയ വീഥികളെ പ്രകമ്പനം കൊള്ളിക്കുന്നു.

1920-കളില്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം ശക്തി പ്രാപിച്ചതോടെ നാടുനീളെ ഖിലാഫത്ത് കമ്മിറ്റികളും കോണ്‍ഗ്രസ്സ് കമ്മിറ്റികളും രൂപീകൃതമായി. പയ്യനാട് വില്ലേജിലെ നെല്ലിക്കുത്തുകാരായ ഏരിക്കുന്നന്‍ ആലി മുസ്‌ലിയാരും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ബ്രിട്ടീഷ് ഭരണാധികാരികളെ നിരന്തരം ഉറക്കം കെടുത്തി. 1921 ആഗസ്റ്റ് 31ന് തിരൂരങ്ങാടിയില്‍ വെച്ച് ആലി മുസ്‌ലിയാരെ പട്ടാളം തടവിലാക്കി. തുടര്‍ന്ന് കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റി. 1922 ജനുവരി 6ന് മലപ്പുറം കോട്ടക്കുന്നില്‍വെച്ച് വാരിയംകുന്നനെ വെടിവെച്ചുകൊന്നു. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം അവിടെ അവസാനിക്കുകയായിരുന്നില്ല. തുടര്‍ കാലഘട്ടങ്ങളിലേക്കുള്ള ഊര്‍ജവും വെളിച്ചവും നല്‍കി അത് പടരുകയായിരുന്നു.

പയ്യനാടിനോട് ചേര്‍ന്നുള്ള നെല്ലിക്കുത്തിലെ നാടുവാഴി പടത്തലവന്മാരുടെയും നാട്ടുമൂപ്പന്മാരുടെയും താവഴിയില്‍ പെട്ടതായിരുന്നു വാരിയംകുന്നത്തിന്റെ കുടുംബം. പിതാവ് ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടി തികഞ്ഞ സ്വാതന്ത്ര്യപോരാളിയായിരുന്നു. 1894-ല്‍ മണ്ണാര്‍ക്കാട് യുദ്ധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ ആന്തമാനിലേക്ക് നാടുകടത്തി. 1896-ലെ മഞ്ചേരി വിപ്ലവത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വാരിയംകുന്നത്തിനെ മക്കയിലേക്കും നാടുകടത്തി. അവിടെ നിന്ന് തിരിച്ചെത്തിയതിനു ശേഷമാണ് വാരിയംകുന്നത്ത് സമരത്തില്‍ സജീവമാകുന്നതും ഒരു മേഖലയുടെ തന്നെ അധികാരം സ്വന്തം അധീനത്തിലാക്കി ഭരണം നടത്തിയതും. 1921-ലെ കലാപത്തില്‍ തുവ്വൂരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തവരിലേറെയും പാണ്ടിക്കാട്, നെല്ലിക്കുത്ത് പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു.

1921-ലെ മലബാര്‍ സമരത്തിന്റെ ഊര്‍ജ സ്രോതസ്സ് ആലി മുസ്‌ലിയാരായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹന്‍ ഏരിക്കുന്നന്‍ അബ്ദുല്ലഹാജി ബ്രീട്ടീഷുകാരോട് പൊരുതി രക്തസാക്ഷിയായിരുന്നു. 1891-ല്‍ മണ്ണാര്‍ക്കാട് മാപ്പിളക്കുടിയാന്മാര്‍ നടത്തിയ ജന്മിത്ത വിരുദ്ധ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ മമ്മദ് കുട്ടി മുസ്‌ലിയാരും കൊല്ലപ്പെട്ടു.

പയ്യനാട് പ്രദേശത്ത് കുരിക്കള്‍ കുടുംബത്തിന്റെ ആഗമനം ഹിജ്‌റ 1064ലാണ്. കണ്ണൂര്‍ വളപട്ടണത്തു നിന്നുംവന്ന ഹസന്‍കുട്ടി കുരിക്കളും മൊയ്തീന്‍കുട്ടി കുരിക്കളുമാണ് ഈ മേഖലയില്‍ കുരിക്കള്‍ കുടുംബത്തിന് അടിത്തറ പാകിയത്. കളരിപ്പയറ്റ്, വെടിപ്പയറ്റ് തുടങ്ങിയവയില്‍ പ്രഗത്ഭരായിരുന്ന ഇവരെ സാമൂതിരി പട്ടാള പരിശീലകരായി നിയമിച്ചു. അങ്ങനെ ഗുരുക്കള്‍ എന്ന സ്ഥാനപ്പേര് ലഭിച്ചു.
കെ.ടി ജംഷി
Chandrika

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal