വിസ്മയമായി കളക്ടറേറ്റില്‍ പുരാരേഖ പ്രദര്‍ശനം


മലപ്പുറം: 'സര്‍പ്പം കടിച്ചാലുള്ളതിനുള്ള ഔഷധം ഹാജരാക്കുന്ന ആള്‍ക്ക് തിരുവിതാംകൂര്‍ മഹാരാജ അവര്‍കളും മറ്റും കൂടി ആയിരത്തി എഴുന്നൂറ്റി അമ്പത് റുപ്പിക ഇനാം കൊടുക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നു.

മദ്രാസ് സംസ്ഥാന വാക്‌സിനേഷന്‍ ജനറല്‍ സൂപ്രണ്ടായ ഡോ. ജെ. ഷോര്‍ട്ട് സായിപ്പ് ഔഷധങ്ങള്‍ സ്വീകരിക്കുന്നതിനും ഫലത്തെ പരീക്ഷിച്ച് നോക്കുന്നതിനും ഒരുങ്ങിയിരിക്കുന്നു....' നിറം മങ്ങിയ കടലാസില്‍ പടര്‍ന്ന മഷിയില്‍ എഴുതിയ വിവരങ്ങള്‍ വായിക്കുമ്പോള്‍ ആരും വിസ്മയപ്പെട്ടുപോകും. മലപ്പുറം കളക്ടറേറ്റില്‍ ഒരുക്കിയിരിക്കുന്ന പുരാരേഖകളുടെ പ്രദര്‍ശനത്തിലാണ് നൂറ്റാണ്ടുകളുടെ കഥ പറയുന്ന രേഖകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ചരിത്രത്തിന്റെ തുടിപ്പുകള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് പ്രദര്‍ശനത്തിലെ ഓരോ രേഖകളും. കണ്ണൂര്‍ അറക്കല്‍ ബീവിക്ക് കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തി എഴുതിയ കത്തിന്റെ വിവര്‍ത്തനമാണ് ഏറ്റവും പഴക്കമുള്ള രേഖ. 1779-ല്‍ എഴുതിയ ഈ കത്ത് കൂടാതെ 1796-ല്‍ അറക്കല്‍ ബീവിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിന്റെ പകര്‍പ്പ്, പഴശ്ശി കലാപവുമായി ബന്ധപ്പെട്ട 1803-ലെ രേഖ, നിലമ്പൂര്‍ ഭാഗത്തേക്ക് നീങ്ങിയ പഴശ്ശി കലാപകാരികളെ തടയേണ്ടത് സംബന്ധിച്ച് ക്യാപ്റ്റന്‍ വാട്‌സന്റെ കത്ത് തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.

1806-ലെ പാസ്‌പോര്‍ട്ട്, 1817-ലെ ഗവണ്മെന്റ് ലോട്ടറി സംബന്ധിച്ച രേഖ, മലബാറിലെ അടിമ വ്യാപാരം സംബന്ധിച്ച രേഖ, സതി അനുഷ്ഠാനത്തിന് അനുമതി നല്‍കുന്ന രേഖ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മരിച്ച ഏറനാട്ടിലെ മാപ്പിളമാരെ സംബന്ധിച്ചവ തുടങ്ങിയവയും പ്രദര്‍ശനത്തിലെ അപൂര്‍വ കാഴ്ചകളാണ്. ഇം.എം.എസ്സിനെതിരെ ജില്ലാ പോലീസ് സൂപ്രണ്ട് പുറപ്പെടുവിച്ച തിരച്ചില്‍ നോട്ടീസും 1896-ലെ മാപ്പിള കലാപബാധിത പ്രദേശങ്ങളുടെ മാപ്പും മുതല്‍ മുസ്‌ലിം പെണ്‍കുട്ടികളെ വിദേശികള്‍ക്ക് നിക്കാഹ് ചെയ്തുകൊടുക്കുന്ന ഖാസിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗരേഖ വരെ പ്രദര്‍ശനത്തിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായാണ് പുരാരേഖ വകുപ്പിന്റെ സഹകരണത്തോടെ പ്രദര്‍ശനം. സംസ്ഥാന പുരാരേഖ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും നടത്തുന്നുണ്ട്.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal