ധീര ദേശാഭിമാനികള്‍ക്ക് സ്മാരകമൊരുക്കി പ്രകൃതി


നാടും നാട്ടുകാരും മറന്ന ധീര ദേശാഭിമാനികള്‍ക്ക് സ്മാരകമൊരുക്കി പ്രകൃതി

ഓരോ സ്വാതന്ത്ര്യദിനവും ചില ഓര്‍മപ്പെടുത്തലാണ്. മറവിയിലേക്കാണ്ടുപോയ പോരാട്ടങ്ങളുടെയും സഹനസമരങ്ങളുടെയും സ്മരണകള്‍ അയവിറക്കുന്ന ദിനം. ഇവിടെയും അത്തരത്തിലുള്ള ഒരോര്‍മ്മപ്പെടുത്തലിനുള്ള ശ്രമമാണ്. ബ്രിട്ടീഷ് സൈന്യത്തോടേറ്റു മുട്ടി വീരമൃത്യു വരിച്ച ഏറനാടന്‍ പോരാളികളോട് നാടും നാട്ടുകാരും ഭരണകൂടവും കാട്ടിയ അവഗണനയുടെ ഓര്‍മ്മപ്പെടുത്തല്‍.

1921-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറിലെ മുസ്‌ലിങ്ങള്‍ നടത്തിയ സമരങ്ങളില്‍ പ്രധാനമായിരുന്നു പാണ്ടിക്കാട് യുദ്ധം. സംഭവം നടന്നിട്ട് ഒരുനൂറ്റാണ്ട് തികയാറായിട്ടും അതിന്റെ ഓര്‍മയ്ക്കായി പ്രദേശത്ത് ഒരു സ്മാരകവും നിര്‍മിച്ചിട്ടില്ല.

ഇപ്പോഴത്തെ പാണ്ടിക്കാട്-വണ്ടൂര്‍ റോഡിലുണ്ടായിരുന്ന പാണ്ടിക്കാട് ചന്തപ്പുരയിലായിരുന്നു മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷ് സൈന്യം ക്യാമ്പ് ചെയ്തിരുന്നത്. 1921 നവംബര്‍ 14ന് പുലര്‍ച്ചെ അഞ്ചുമണിയോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, മുക്രി അയമു, പയ്യനാടന്‍ മോയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെമ്പ്രശ്ശേരി, കരുവാരകുണ്ട്, കീഴാറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ടായിരത്തോളം പേര്‍ ബ്രിട്ടീഷ് റൈഫിള്‍ ക്യാമ്പ് ആക്രമിക്കുകയായിരുന്നു. മലബാറില്‍ പടര്‍ന്ന ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു ആക്രമണം.

ചന്തപ്പുരയുടെ മണ്‍ചുമര്‍ പൊളിച്ച് അകത്തുകടന്ന പോരാളികള്‍ ക്യാപ്റ്റന്‍ അവ്‌റേന്‍, ബ്രിട്ടീഷ് അനുകൂലിയായിരുന്ന പാണ്ടിക്കാട് പോസ്റ്റ്മാസ്റ്റര്‍ എന്നിവരടക്കം അഞ്ചുപേരെ വധിച്ചു. രണ്ടുമണിക്കൂറിലധികം നീണ്ട പേരാട്ടത്തില്‍ 250-ലധികം പേരാളികളും കൊല്ലപ്പെട്ടു.

ബ്രിട്ടീഷ് സൈനികശക്തിയോടേറ്റുമുട്ടി മരിച്ചുവീണ ദേശാഭിമാനികളുടെ ശരീരങ്ങള്‍ ചന്തപ്പുരയുടെ തെക്കുഭാഗത്തുള്ള മൊയ്തുണ്ണിപ്പാടത്ത് കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട മേലേപ്പാടം മൊയ്തുണ്ണിയുടെ മകന്‍ കുഞ്ഞഹമ്മദ് ഒരു മൃതദേഹത്തിലുണ്ടായിരുന്ന ബോംബില്‍ അറിയാതെ ചവിട്ടുകയും ബോംബ് പൊട്ടി കൊല്ലപ്പെട്ടുവെന്നും പറയപ്പെടുന്നു.

മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച വയല്‍ 'ശുഹദാക്കളുടെ കണ്ടം' എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു.

മൃതദേഹങ്ങള്‍ കത്തിച്ച സ്ഥലത്തിനരികിലായി ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷികളായി ഒരു കുളവും ആല്‍മരവും ഉണ്ടായിരുന്നു. മൊയ്തുണ്ണിക്കുളമെന്ന പേരില്‍ ആ കുളവും കുളത്തിനരികിലായി പടര്‍ന്നു പന്തലിച്ച് ആല്‍മരവും ഇപ്പോഴും അവിടെയുണ്ട്. എല്ലാവരും മറന്ന പോരാളികളെ ഓര്‍മപ്പെടുത്താന്‍ പ്രകൃതിയൊരുക്കിയ സ്മാരകമായി....

News @ Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal