കോഴിക്കോട്: സാമ്രാജ്യമില്ലാത്ത സാമ്രാജ്യത്വത്തിനും ഭൂമിയില്ലാത്ത ജന്മിത്തത്തിനുമെതിരെ ഇന്ന് നടത്തേണ്ട പോരാട്ടങ്ങള്‍ക്കുള്ള പാഠമാണ് മലബാര്‍ കലാപത്തില്‍നിന്ന് പഠിക്കേണ്ടതെന്ന് വിഖ്യാത ചരിത്രകാരന് ഡോ. കെ എന്‍ പണിക്കര്‍ . സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായ ചെറുത്തുനില്‍പ്പിന്റെ പ്രധാന ദൃഷ്ടാന്തമാണ് 1921ല്‍ മലബാറിലെ മാപ്പിളമാര്‍ നടത്തിയ കലാപം. കോര്‍പറേറ്റ് ജന്മിത്തമാണ് ഇന്നുള്ളത്. 1921 ന്റെ പാഠങ്ങളില്‍നിന്ന് ഇവയ്ക്കെതിരായ പോരാട്ടത്തിന്റെ പാതയാണ് നാം വെട്ടിത്തുറക്കേണ്ടത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ കെ നായനാര്‍ നഗറി(കോഴിക്കോട് ടൗണ്‍ഹാള്‍)ല്‍ "മലബാര്‍ കലാപത്തിന്റെ പാഠങ്ങള്‍" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പണിക്കര്‍ . മലബാറിലെ മാപ്പിളമാര്‍ 18-ാം നൂറ്റാണ്ടില്‍തന്നെ ചെറുത്തുനില്‍പ്പ് ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ മറ്റൊരിടത്തും സംഭവിക്കാത്തതരം ചെറുത്തുനില്‍പ്പാണ് 1902 മുതല്‍ 1921 വരെ നടന്നത്. അവ പരസ്പര ബന്ധമുള്ളവയായിരുന്നു. അതിന്റെ അന്ത്യമാണ് മലബാര്‍ കലാപത്തില്‍ കണ്ടത്. ഒന്നാം സ്വാതന്ത്ര്യസമരവുമായും ഇത് ബന്ധിതമാണ്. പൂര്വകലാപങ്ങള് ഇല്ലായിരുന്നില്ലെങ്കില്‍ 1921 സംഭവിക്കുമായിരുന്നില്ല. 1921ല്‍ ഹിന്ദു കര്‍ഷകര്‍ എന്തുകൊണ്ട് വാളെടുത്തില്ല എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. ഇതിനുള്ള ഉത്തരത്തിലാണ് കലാപത്തിന്റെ പ്രാധാന്യമുള്ളത്. 1855ല്‍ കലാപം നയിച്ച അത്തന്‍ ഗുരുക്കളും കുഞ്ഞിക്കോയ തങ്ങളും പറഞ്ഞത് കൂടപ്പിറപ്പുകള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് കടമയാണെന്നാണ്. അന്നത്തെ മതനേതാക്കള്‍ക്ക് ജനങ്ങളുമായുള്ള ബന്ധമാണിത് വ്യക്തമാക്കുന്നത്. -പണിക്കര്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ അധ്യക്ഷനായി. കോണ്‍ഗ്രസ് സഹായിച്ചിരുന്നുവെങ്കില്‍ കലാപം ദുരന്തത്തില്‍ കലാശിക്കുമായിരുന്നില്ലെന്ന് തുടര്‍ന്ന് സംസാരിച്ച ഡോ. കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. മാപ്പിളപ്പാട്ടുകാരന് വി എം കുട്ടി മലബാര്‍ കലാപത്തെക്കുറിച്ചുള്ള പാട്ടുപാടി. കെ ടി കുഞ്ഞിക്കണ്ണന് സ്വാഗതം പറഞ്ഞു.
Deshabhimani
Posted on: 25-Mar-2012



Posted in:
0 comments:
Post a Comment