- ജീവിതരേഖ
പഠനം
വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വളരെ കുറവായിരുന്ന കാലമായിരുന്നു മൊയ്തു മൗലവിയുടേത്. മൂന്നാം തരം എന്നറിയപ്പെടുന്ന, നാലാം തരം വരെയുള്ള ഒരു സ്കൂളിലാണ് മൗലവി പഠനം തുടങ്ങുന്നത്. സ്കൂളിൽ ചേരും മുൻപ് ഖുർആൻ പഠിപ്പിക്കുന്ന 'നാഗദം' എന്ന കീഴ്വഴക്കമാണ് അന്ന് നിലവിലുണ്ടായിരുന്നത്. അഞ്ചു വർഷത്തെ ഖുർആൻ പഠനമായിരുന്നു വിദ്യാഭ്യാസത്തിലെ ഏറ്റവും വലിയ നേട്ടമായി അന്ന് പരിഗണിച്ചിരുന്നത്. അറബി ഭാഷ പഠിക്കാൻ തുടങ്ങുന്നതിനും മുമ്പ് ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കണം. അദ്ധ്യാപകർക്ക് ഖുർആനെപ്പറ്റി വിവരമില്ലായിരുന്നു എന്ന് മൊയ്തു മൗലവി തന്റെ ആത്മകഥയിൽ പറയുന്നു. 'ദുഷിച്ച സമ്പ്രദായം' എന്നാണ് മൗലവി ഈ പഠന രീതിയെ ആത്മകഥയിൽ വിശേഷിപ്പിക്കുന്നത്.ഇക്കാലത്ത് പരിഷ്കൃതാശയക്കാരനായ ശൈഖ് ഹംദാനി സാഹിബുമായി പരിചയപ്പെടാൻ കഴിഞ്ഞത് മൗലവിയുടെ ജീവിതത്തിലെ വഴിത്തിരിവായി. അദ്ദേഹത്തിൽ നിന്ന് മൊയ്തു മൗലവി ഉർദുഭാഷ സ്വായത്തമാക്കി. പിന്നീട് വാഴക്കാട്ടെ മദ്രസ്സയിൽ പഠനം തുടർന്ന അദ്ദേഹത്തിന് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മത പണ്ഡിതനെ ഗുരുവായി ലഭിച്ചു. പുരോഗമന ചിന്താഗതിക്കാരനും ദേശീയവാദിയുമായിരുന്ന അദ്ദേഹം. ഇക്കാരണത്താൽ അദ്ദേഹത്തെ മദ്രസയുടെ യാഥാസ്ഥിതികനായ നടത്തിപ്പുകാരൻ അവിടെ നിന്ന് പുറത്താക്കി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പിന്നീട് കോഴിക്കോട് തന്റെ അധ്യാപന ചര്യ തുടർന്നപ്പോൾ മൊയ്തു മൗലവിയും അദ്ദേഹത്തിനു കീഴിൽ ചേർന്ന് പഠിക്കാൻ കോഴിക്കോട്ടെത്തുകയായിരുന്നു.
കോഴിക്കോട് ബാസൽ മിഷൻ കോളേജിൽ പഠിച്ചിരുന്ന അബ്ദുറഹ്‌മാൻ സാഹിബ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ സന്ദർശിക്കാൻ പതിവായി വരാറുണ്ടായിരുന്നു. അവിടെ വെച്ചാണ് മൗലവി അബ്ദുറഹ്‌മാൻ സാഹിബുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനായി മൊയ്തു മൗലവിയെ പരിവർത്തിപ്പിച്ചത്.
- സമരരംഗം
1921- ലെ മലബാർ ലഹളക്കാലത്ത് മൊയ്തുമൗലവി ജയിലിൽ ക്രൂരമർദ്ദനത്തിനിരയായി. മാറഞ്ചേരിയിലെ വീട് പട്ടാളക്കാർ കൊള്ളയടിച്ചു. മലബാർ ലഹള, ഖിലാഫത്ത്, നിയമലംഘനം എന്നിങ്ങനെ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭകാലം. ഇക്കാലത്ത് വെല്ലൂർ, രാജമന്ത്രി എന്നീ ജയിലുകളിലും അദ്ദേഹം ജയിൽവാസം അനുഭവിച്ചു.
- സ്വാതന്ത്യാനന്തര കാലം
1985-ൽ അലഹാബാദിൽ വെച്ച് നടന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സമ്മേളനത്തിൽ മൊയ്തുമൗലവിക്ക് പ്രത്യേക ബഹുമതി നൽകി ആദരിച്ചു. സമ്മേളനത്തിന് പതാക ഉയർത്തിയതും അദ്ദേഹമായിരുന്നു.
നൂറ്റി എട്ട് വയസ്സുള്ളപ്പോൾ ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം കോഴിക്കോട് നിന്ന് തൃശൂർ വരെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ കാണാൻ യാത്ര ചെയ്തത് ശ്രദ്ധേയമായിരുന്നു. പ്രാദേശിക പോലീസിൽ നിന്നും ഇതിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം നടത്തിയ ഒറ്റയാൾ നിരാഹാര സമര പ്രഖ്യാപനം പ്രായത്തിലും തളരാത്ത പോരാട്ട വീര്യത്തിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. ജീവിതത്തിന്റെ അവസാന കാലം വരെ എഴുത്തും വായനയും അദ്ദേഹം തുടർന്നു പോന്നു.
- പ്രധാന ഗ്രന്ഥങ്ങൾ
- കാലഘട്ടങ്ങളിലൂടെ
- എന്റെ കൂട്ടുകാരൻ
- ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനം
- ഇസ്ലാഹി പ്രസ്ഥാനം
- സ്വാതന്ത്ര്യ സമര സ്മരണ
- മൗലവിയുടെ ആത്മകഥ
- മരണം
Source : Wikipedia



Posted in:
0 comments:
Post a Comment