കേരളീയരുടെ ഓര്‍മയില്‍ നിന്നു മറയാന്‍ പാടില്ലാത്ത സ്വാതന്ത്ര്യസമരഭടനാണ് ചെര്‍പ്പുളശ്ശേരി മോഴിക്കുന്നത്ത് മനയ്ക്കല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. ആലി മുസ്ലിയാരുടെയും മറ്റു നാല്‍പ്പതോളം ഖിലാഫത്ത് നേതാക്കളുടെയും പേരിലുള്ളതുപോലെ, 1921ല്‍ കലാപം നടത്തി എന്ന കുറ്റത്തിനു ജീവപര്യന്തം തടവിനും 2000 രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട വ്യക്തിയാണു നമ്പൂതിരിപ്പാട്. എന്നാല്‍, മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. പട്ടാളത്തിന്റെ പിടിയിലും ലോക്കപ്പിലും ജയിലിലുമായി ഒരു കൊല്ലം നരകജീവിതം അനുഭവിച്ച ബ്രഹ്മദത്തന്‍ ചെറുപ്പത്തിലേ കോണ്‍ഗ്രസ്സും പുരോഗമനവാദിയുമായിരുന്നു.
സവര്‍ണജന്‍മിമാരുടെ ആധിപത്യം നിലനിന്ന അക്കാലത്തും ബ്രഹ്മദത്തന്റെ മനസ്സ് കുടുംബപരമായ ആഢ്യത്വത്തോട് മുഴുവന്‍ ഒട്ടിനിന്നില്ല. സഹപാഠികൂടിയായിരുന്ന വി ടി ഭട്ടതിരിപ്പാടിന്റെയും മറ്റു സുഹൃത്തുക്കളുടെയും കൂട്ടത്തില്‍ യോഗക്ഷേമ സഭയുടെ പ്രവര്‍ത്തകനായി സമൂഹത്തില്‍ വെളിച്ചം പകരാന്‍ ശ്രമിച്ച നമ്പൂതിരിപ്പാട് 18ാമത്തെ വയസ്സില്‍ കോണ്‍ഗ്രസ്സുകാരനായി പ്രവര്‍ത്തിച്ചുതുടങ്ങി. 1921 സപ്തംബര്‍ ഒന്നിന് മലബാറൊട്ടാകെ പട്ടാളഭരണം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ചെര്‍പ്പുളശ്ശേരിയില്‍ ബാലഗംഗാധര തിലകന്റെ ഒന്നാം ചരമദിനം ആഘോഷിക്കുകയായിരുന്നു. നേരത്തേ വള്ളുവനാട്ടില്‍ തന്റെ പിതാവടക്കമുള്ള ജന്‍മിമാര്‍ക്കെതിരേ എം പി നാരായണമേനോന്‍, കട്ട്ലശ്ശേരി മുഹമ്മദ് മൌലവി എന്നിവരോടു ചേര്‍ന്നു കുടിയാന്‍സംഘങ്ങള്‍ രൂപീകരിക്കുന്നതില്‍ നമ്പൂതിരിപ്പാട് പങ്കുവഹിച്ചിരുന്നു. കുട്ടിക്കാലത്തെ ഒരു തമാശ എന്ന നിലയ്ക്കു മാത്രമേ മോഴിക്കുന്നത് മനയ്ക്കലെ കാരണവന്‍മാരും അതു കണ്ടുള്ളൂ. എന്നാല്‍ വള്ളുവനാട്ടിലെ രാഷ്ട്രീയരംഗത്തു കോണ്‍ഗ്രസ്സിന് ഏറ്റവും വലിയ ജനസമ്മതി നേടിക്കൊടുത്ത സംഘടനയായിരുന്നു കുടിയാന്‍സംഘം. പാട്ടകൃഷിക്കാരോടും കുടിയാന്‍മാരോടും വളരെ മോശമായ നിലയിലായിരുന്നു ജന്‍മിമാരുടെ പെരുമാറ്റം. യാതൊരു വ്യവസ്ഥയുമില്ലാത്ത കുടിയൊഴിപ്പിക്കലും മേല്‍ക്കാണം ചാര്‍ത്തലും അതിനെത്തുടര്‍ന്നുള്ള അവസാനിക്കാത്ത കോടതി കേസും മറ്റുമായി ഏറനാട്, വള്ളുവനാട് പ്രദേശങ്ങള്‍ അസ്വസ്ഥജനകമായിരുന്ന കാലമായിരുന്നു 1800കളുടെ അവസാനദശകങ്ങളും 1900ത്തിലെ ആദ്യദശകങ്ങളും. നമ്പൂതിരിമാരും ചില നായര്‍ കുടുംബങ്ങളുമായിരുന്നു ജന്‍മിമാര്‍. കുടിയാന്‍മാരാവട്ടെ, തിയ്യരും മാപ്പിളമാരും കുറഞ്ഞ നിലയില്‍ ദലിതുകളും.
കോണ്‍ഗ്രസ് പ്രവര്‍ത്തനം ഊര്‍ജിതമായതോടെ ജന്‍മികുടുംബങ്ങളിലെയും നായര്‍ ആഢ്യന്‍മാരുടെയും മക്കളില്‍ പലരും ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെപ്പോലെ കോണ്‍ഗ്രസ്സിലും അതിന്റെ സ്വാതന്ത്യ്രസമര പ്രവര്‍ത്തനത്തിലും സജീവമായി. അതിന്റെ ഭാഗമായിരുന്നു എം പി നാരായണമേനോന്‍, പറമ്പോട്ട് അച്യുതമേനോന്‍, വള്ളുവനാട് രാജകുടുംബത്തിലെ ഉണ്ണിക്കുഞ്ചന്‍രാജ, മണ്ണാര്‍ക്കാട് ഇളയ നായര്‍, യു ഗോപാലമേനോന്‍, കെ പി കേശവമേനോന്‍, കെ മാധവന്‍ നായര്‍ തുടങ്ങി ജന്‍മികുടുംബങ്ങളില്‍ നിന്നുള്ള ആദ്യകാല കോണ്‍ഗ്രസ്സുകാര്‍. കെ കേളപ്പന്‍, ഇ എം എസ് തുടങ്ങിയവരുടെ രണ്ടാംനിരയും കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.
എന്നാല്‍, ജന്‍മിമാര്‍ക്കെതിരേ കുടിയാന്‍മാരെ സംഘടിപ്പിക്കുന്നതും ജന്‍മിത്തത്തിനെതിരേയുള്ള പോരാട്ടവും കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ പലര്‍ക്കും ഇഷ്ടമായിരുന്നില്ല. കേശവമേനോന്‍, മാധവന്‍ നായര്‍, ഗോപാലമേനോന്‍ തുടങ്ങിയവര്‍ കുടിയാന്‍മാര്‍ക്കെതിരേ കേസ് നടത്തുന്ന ജന്‍മിമാരുടെ വക്കീല്‍മാരായിരുന്നു. ബ്രഹ്മദത്തന്‍ നമ്പൂതിരി, നാരായണമേനോന്‍ തുടങ്ങിയവരാവട്ടെ, ജന്‍മിമാര്‍ക്കെതിരേ കുടിയാന്‍മാരുടെ കേസ് നടത്തുന്നവരും.
മോഴിക്കുന്നന്‍, എം പി നാരായണമേനോന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ സ്വാധീനം മൂലമാണ് മലബാറിലെ മാപ്പിളമാര്‍ കോണ്‍ഗ്രസ് അനുകൂലികളായത്. നാരായണമേനോനും മോഴിക്കുന്നനും 'കലാപ'ത്തില്‍ പങ്കെടുത്തതിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.
കേസ് കഴിഞ്ഞു മനയ്ക്കലെത്തിയ നമ്പൂതിരിപ്പാടിനെ സ്വന്തം ഇല്ലത്ത് നിന്നു ഭ്രഷ്ടനാക്കുകയാണുണ്ടായത്. അദ്ദേഹം കൂടി ത്യാഗം ചെയ്തു വളര്‍ത്തിയ യോഗക്ഷേമ സഭപോലും അദ്ദേഹത്തിനു ഭ്രഷ്ട് കല്‍പ്പിച്ച കഥ ഖിലാഫത്ത് സ്മരണകളില്‍ അദ്ദേഹം വിവരിക്കുന്നു:
"വൈക്കം സത്യഗ്രഹത്തില്‍ കുപ്രസിദ്ധനായ ഇളംതിരുത്തിയുടെ ഇല്ലത്താണ് അദ്ദേഹത്തിന്റെ
അധ്യക്ഷതയില്‍ യോഗക്ഷേമസഭയുടെ യോഗം ചേര്‍ന്നത്. ഞാന്‍ അമ്പലത്തില്‍ കടന്നാല്‍ ആളെ വിട്ടു തല്ലുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. തല്ലിന്റെ ഭയം പണേ്ട തീര്‍ന്നിരിക്കുന്നുവെന്നു ഞാന്‍ മറുപടി പറഞ്ഞു. 'താന്‍ കടന്നാല്‍ അമ്പലം ശുദ്ധംമാറും. അമ്പലം ശുദ്ധംമാറിയാല്‍ തന്നെ പാമ്പു വന്നു കടിക്കും.' ഞാന്‍ കടന്നാല്‍ അമ്പലം ശുദ്ധംമാറുമെങ്കില്‍ എന്റെ ദേഹം ശുദ്ധംമാറീട്ടുണ്ടാവുമല്ലോ. ദേഹംകൊണ്ട് എനിക്കൊരു പ്രയോജനവുമില്ല. പാമ്പുകടിക്കട്ടെ- ഞാന്‍ പറഞ്ഞു. ഞാന്‍ കുളിച്ച് അമ്പലത്തില്‍ തൊഴുതു. പാമ്പിനെയും ചേരയെയും കണ്ടില്ല"- (ഖിലാഫത്ത് സ്മരണകള്‍, പേജ്: 144).
1921ലെ സ്വാതന്ത്ര്യസമരത്തിനെതിരേ പാറപോലെ ഉറച്ചുനിന്ന ജന്‍മി-നാടുവാഴിത്തത്തെയും അവരെ സഹായിച്ച കോണ്‍ഗ്രസ്സുകാരെയും പിന്നീടും മാപ്പിളമാര്‍ അംഗീകരിച്ചിട്ടില്ല. മാപ്പിളമാരോടു കാണിച്ച ഈ വഞ്ചന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു തന്നെ കാലതാമസമുണ്ടാക്കിയതായി പതിനാലുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 1937ല്‍ പുറത്തുവന്ന എം പി നാരായണമേനോന്‍ സ്വരാജ്യം വാരികയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ എടുത്തുപറയുകയുണ്ടായി. ഇല്ലത്തുനിന്നു പുറത്താക്കപ്പെട്ട നമ്പൂതിരിപ്പാട് പട്ടാമ്പിയിലെ ഭാരതപ്പുഴയുടെ തീരത്തേക്കു താമസം മാറ്റി. മലബാറിലെ സ്വാതന്ത്ര്യസമരപോരാളികളുടെ സത്രമായി മാറിയ മനോരമ (ഇല്ലത്തിന്റെ പേര്), മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, മൊയ്തുമൌലവി, ഇ എം എസ്, കെ കേളപ്പന്‍, ഡോ. എ ആര്‍ മേനോന്‍, സി അച്യുതമേനോന്‍ തുടങ്ങിയ ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികളുടെ വിഹാരകേന്ദ്രമായിരുന്നു. എം.പി.സി.സി മെംബറായിരുന്ന നമ്പൂതിരിപ്പാട്, മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗവും നീണ്ട 12 വര്‍ഷം പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
അന്നത്തെ കോണ്‍ഗ്രസ് പിന്നീട് മൂന്നായി പിരിഞ്ഞപ്പോള്‍ നമ്പൂതിരിപ്പാട് കോണ്‍ഗ്രസ്സില്‍ തന്നെ ഉറച്ചുനിന്നു. ഏതായാലും മലബാറില്‍ വളര്‍ച്ച മുരടിച്ച കോണ്‍ഗ്രസ്സിനൊപ്പം അദ്ദേഹം 1952 വരെ തുടര്‍ന്നു. തുടര്‍ന്നും കോണ്‍ഗ്രസ്സാണെങ്കിലും 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പല നയങ്ങളോടും അദ്ദേഹം യോജിച്ചിരുന്നു. 1964 ജൂലൈ 26ന് മരിച്ചു.
തേജസ് ദിനപത്രം
23.07.2009



 
 
 Unknown
Unknown
 

 Posted in:
 Posted in:   
 
 
 
 
 
 
 
2 comments:
മരിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹം ഇന്നു തെജസ്സിന്റെ പത്രാധിപരോ മതം മാറി ഒരു താലിബാന്‍ നേതാവോ ആകുമായിരുന്നു , അല്ലേ?
anonymous i am upset that after reading about such a great hero of the nation this words came out from you
Post a Comment