രണഭൂമിയുടെ ഓര്‍മകളുമായി ഓഗസ്റ്റ് കടന്നുപോകുന്നു
1921 ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ നടന്ന ഏറ്റുമുറ്റലിലാണ് സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് പ്രചോദനമായ മലബാര്‍ കലാപത്തിന് കാരണം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ചങ്കൂറ്റം കാണിച്ച ആലിമുസ്ലിയാരും അദ്ധേഹത്തിന്റെ പിന്നില്‍ ചന്ദ്രക്കലയുള്ള തുര്‍ക്കി തൊപ്പി ധരിച്ച് വിശുദ്ധവചനം ആലേഖനം ചെയ്ത മൂവര്‍ണ കൊടിയുമേന്തി അണി നിരന്ന ദേശാഭിമാനികളും ഇന്നും മാപ്പിളമക്കളുടെ സ്വരാജ്യ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്.
ജയില്‍ മോചിതരായി എത്തുന്ന പൊറ്റയില്‍ അബൂബക്കര്‍, പൊറ്റയില്‍ കുഞ്ഞഹമ്മദ്, കല്ലറക്കല്‍ അഹമ്മദ്, വെള്ളാനവീട്ടില് കുഞ്ഞഹമ്മദ് എന്നിവര്‍ക്ക് സ്വീകരണം നല്‍കാനുള്ള ഖിലാഫത്ത് പ്രവര്‍ത്തകരുടെ നീക്കത്തെ തെറ്റിദ്ധരിച്ചാണ് ബ്രിട്ടീഷ് പട്ടാളം 1921 ല്‍ യുദ്ധക്കളമാക്കിയത്.പോലീസിന്റെ വ്യാജ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഗസ്റ്റ് 19 ന് അര്‍ദ്ധരാത്രി കണ്ണൂരില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് ട്രെയിന്‍ മാര്‍ഗം വന്നിറങ്ങിയ പട്ടാളവ്യൂഹം ആസൂത്രിതമായി പ്രകോപനമുണ്ടാക്കുകയായിരുന്നു. മലബാര്‍ കലക്ടര്‍ തോമസ്, ഡെപ്യൂട്ടി കലക്ടര്‍ അമ്മു, പോലീസ് സൂപ്രണ്ട് ആമു എന്നിവരുടെ നേതൃത്വത്തിലുള്ള സൈന്യം അതിക്രമങ്ങള്‍ കാട്ടി .2 ഖിലാഫത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ഖിലാഫത്ത് ഓഫീസ് , തിരൂരങ്ങാടിയില്‍ ആലി മുസ്ലിയാര് ദര്‍സ് നടത്തിയിരുന്ന നടുവിലെ പള്ളി, കിഴക്കെ പള്ളി, തെക്കേ പള്ളി എന്നിവിടങ്ങളില്‍ അക്രമം അഴിച്ചു വിടുകയും ചെയ്തു.
ഇതോടെ ആലി മുസ്ലിയാരെ അറസ്റ്റ് ചെയ്തെന്നും മമ്പുറം പള്ളി തകര്‍ത്തെന്നുമുള്ള വ്യാജ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കോട്ടക്കല്‍ ചന്ത ദിവസമായിരുന്നു അന്ന്. മലബാറിലെ മാപ്പിളമാര്‍ കയ്യില്‍ കിട്ടിയ കല്ലും വടിയുമായി തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തു.
ആലിമുസ്ലിയാര്, ലവക്കുട്ടി, കുഞ്ഞലവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെമ്മാട്ടുള്ള ഹജൂര്‍ കച്ചേരിയിലെത്തി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കാമെന്ന് വിശ്വസിപ്പിച്ച് ഇവരെ ശാന്തരാക്കി ഇരുത്തിയ ശേഷം ബ്രിട്ടീഷുകാര്‍ ഇവര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഈ കൊടും ചതിയില്‍ രോഷാകുലരായ ജനക്കൂട്ടം വെടിയുണ്ട വകവെക്കാതെ മുന്നോട്ട് കുതിച്ചു. വെടിവെപ്പില്‍ 17 പേര് മരിച്ചു. മാപ്പിളമാരുടെ പ്രത്യാക്രമണത്തില്‍ ലഫ്. വില്യം ജോണ്‍സണും എ എസ് പി റൌളിയും ഹെഡ് കോണ്‍സ്റ്റബില്‍ മൊയ്തീനും കൊല്ലപ്പെട്ടു. ഇതോടു കൂടിയാണ് മലബാര്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്.
തുടര്‍ന്ന് ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ ഏറനാടിനെ പല ഭാഗങ്ങളായി തിരിച്ച് സമാന്തര ഭരണ ഘടകങ്ങള്‍ രൂപം കൊണ്ടു.ആറു മാസം നീണ്ട ഖിലാഫത്ത് ഭരണത്തിന്റെ കേന്ദ്രം തിരൂരങ്ങാടിയായിരുന്നു.
തുടര്‍ന്ന് നടന്ന പോരാട്ടങ്ങല്ക്കൊടുവില് ആലിമുസ്ലിയാര് കീഴടങ്ങിയതോടെയാണ് കലാപം താല്‍ക്കാലികമായി അവസാനിച്ചത്. 28 ന് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി വലിയ പള്ളിക്ക് നേരെ വെടിവെക്കുകയുണ്ടായി. ചിലര്‍ ജനലിലൂടെ പുഴയിലേക്ക് എടുത്ത് ചാടി രക്ഷപ്പെട്ടു. മറ്റ് ചിലര്‍ വെടിവെപ്പില്‍ ധീരരക്ത സാക്ഷിത്വം വരിച്ചു. ആലി മുസ്ലിയാരും ഏതാനും അനുയായികളും കീഴടങ്ങി.
മലബാര്‍ ആദ്യ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ മൃതദേഹങ്ങള്‍ ചെമ്മാട് താലൂക്ക് ആഫീസിനു മുന്നിലും തിരൂരങ്ങാടി പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചന്തപ്പടിയിലുമാണ് സംസ്കരിച്ചിരിക്കുന്നത്.
ദേശാഭിമാനത്തിന്റെയും അധിനിവേശത്തിനെതിരായ ചെറുത്ത് നില്‍പ്പിന്റെയും സ്മാരകമായാണ് നാട്ടുകാര്‍ ഇതിനെ കാണുന്നത്. വെടിവെപ്പ് നടന്ന തിരൂരങ്ങാടി പഴയ പള്ളി പൊളിച്ച് കോണ്‍ക്രീറ്റ് കെട്ടിടമായി. അന്നത്തെ ഹജൂര്‍ കച്ചേരി ഇന്നത്തെ താലൂക്കാഫീസാണ്.
ഈ സ്മാരകകേന്ദ്രങ്ങള് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും നിത്യസ്മാരമാക്കി മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ചന്ദ്രിക
24.08.2009
24.08.2009



Posted in:
0 comments:
Post a Comment